Breaking News

ഇത്തവണയും നെൽകൃഷിയെ കൈവിടാതെ ബളാൽ പഞ്ചായത്തിലെ ജനപ്രതിനിധിയും പാരമ്പര്യ കർഷകനുമായ അബ്ദുൾഖാദർ


വെള്ളരിക്കുണ്ട്: പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ്റെ ഒരേക്കർ നെൽപ്പാടത്ത് ഞാറ് നടാൻ പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും കുടുംബശ്രീ അംഗങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വയലിൽ ഇറങ്ങി. ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഴിങ്ങാട്ടെ അബ്ദുൽ ഖാദറിന്റെ പാടമാണ് നാടിന് മാതൃകയായ കൃഷിയിറക്കലിന് വേദിയായത്. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. നാട്ടിപ്പാട്ടിൻ്റെ ഈണത്തിൽ എല്ലാവരും ചേർന്ന് ഞാറു നടൽ ആഘോഷമാക്കി.  നെൽകൃഷി അന്യം നിന്നു പോകുന്ന മലയോരത്ത് കുടുംബപരമായി ലഭിച്ച നെൽവയലിൽ വർഷങ്ങളായി അബ്ദുൽ ഖാദർ നെൽകൃഷി നടത്തി വരുന്നുണ്ട്. ജനപ്രതിനിധിയായി മാറിയിട്ടും കൃഷിയിൽ നിന്ന് വിട്ട് നിൽക്കാൻ നാട്ടുകാരുടെ പ്രിയപ്പെട്ട അന്തുക്ക തയ്യാറായില്ല. ഇത്തവണയും പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്ന് തന്നെയാണ് അബ്ദുൽ ഖാദർ കൃഷിയിറക്കുന്നത്.  നിലം ഉഴുതുമറിക്കാൻ മാത്രമാണ് യന്ത്രത്തിൻ്റെ സഹായം തേടിയത്.  ഞാറ് നടലും കൊയ്യുന്നതും കറ്റമെതിക്കലും എല്ലാം  പാരമ്പര്യ രീതിയിൽ തന്നെയാണ് . ഉമ, ശ്രേയസ്, രക്തസാലി നെൽവിത്തുകൾ ഉപയോഗിച്ചാണ് ഇക്കുറിയും അബ്ദുൽ ഖാദർ കൃഷിയിറക്കിയിരിക്കുന്നത് . ഞാറ്റടി തയ്യാറാക്കിയാണ് നടാനുള്ള ഞാറുകൾ ഒരുക്കിയത്. ഒരുകാലത്ത് ഹെക്ടർ കണക്കിന് നെൽവയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ ഇപ്പോൾ ബളാൽ ക്ഷേത്രത്തിൻ്റെ പാടശേഖരത്തും കുഴിങ്ങാടുമാണ് നെൽകൃഷി ഉള്ളത്.. മലയോരത്ത് വർഷങ്ങളായി സ്ഥിരം നെൽകൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയാണ് അബ്ദുൽ ഖാദർ.   സഹായത്തിനായി മകൻ ഹൈദറും കൂടെയുണ്ട്. കൃഷിഭവൻ മുഖാന്തരം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷിയിറക്കാൻ ധനസഹായം നൽകുന്നുണ്ട്.

ഞാറ് നടൽ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.രാധാമണി അധ്യക്ഷയായി. ശ്രീ എൻ ജെ മാത്യു (വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) മെമ്പർമാരായ പദ്മാവതി, സന്ധ്യാ ശിവൻ, വിഷ്ണു കെ, ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ, കൃഷി അസിസ്റ്റൻ്റ് ശ്രീഹരി വി, വ്യാപാരി വ്യവസായി ഏകോപന സമിതി ബളാൽ യൂണിറ്റ് പ്രസിഡണ്ട് എൽ.കെ ബഷീർ, സി.ഡി.എസ് ചെയർപേഴ്സൺ മേരി ബാബു, മറ്റ് കുടുംബശ്രീ അംഗമങ്ങളും നാട്ടുകാരും പങ്കെടുത്തു

No comments