Breaking News

വയനാട്ടിൽ മൃഗങ്ങളുടെ കാടിറക്കത്തിന് ഇനിയും പരിഹാരമില്ല; ഈ വർഷം കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് നാലാമത്തെ ജീവന്‍


സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളുണ്ട് എന്ന് ചോദിച്ചാല്‍ അധികാരികള്‍ ഒറ്റയടിക്ക് ഉത്തരം നല്‍കും. ''എല്ലാമുണ്ട്''. ശരിയാണ് ആനമതില്‍, റെയില്‍പ്പാള വേലി, തൂക്കുവൈദ്യുതി വേലി, സാധാരണ വൈദ്യുതി വേലി, എല്‍ഇഡി ലൈറ്റുകളാലുള്ള പ്രതിരോധം, പാരമ്പര്യമായി കണ്ടു വരുന്ന കിടങ്ങ്, ഏറ്റവും ഒടുവില്‍ ജിയോ ഫെന്‍സിങ് വരെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ജില്ലയുടെ പല ഭാഗത്തായി ഉണ്ട്.പ്പോള്‍ പിന്നെ എങ്ങനെയാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത്. മിനിമം ആനയെങ്കിലും നാട്ടിലിറങ്ങാതിരിക്കേണ്ടെ?. മേല്‍പ്പറഞ്ഞ പ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമല്ല അല്ലെങ്കില്‍ മതിയായ പരിചരണമില്ലാതെ നശിച്ചു എന്നതാണ് രണ്ടാമത്തെ ചോദ്യത്തിനുള്ള ശരിയായ ഉത്തരം. ഇത് വനംവകുപ്പ് പറയില്ലെങ്കിലും ഇവിടെയുള്ള നാട്ടുകാര്‍ അത് കാണിച്ചു തരും. യുവാവിനെ കടുവ കൊലപ്പെടുത്തിയ മൂടക്കൊല്ലിയില്‍ മതിലും വൈദ്യുതി വേലിയും ഇനിയും പൂര്‍ണമല്ല.

കഴിഞ്ഞ ദിവസം കാട്ടാന ആക്രമണം ഉണ്ടായ കല്ലൂര്‍ മേഖലയിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഈ വര്‍ഷം ജൂലായ് വരെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് കല്ലൂര്‍ കല്ലുമുക്ക് സ്വദേശിയായ മാറോട് രാജു.

ഇനിയും തങ്ങളിലാരെങ്കിലും ഏത് സമയത്തും വന്യമൃഗങ്ങള്‍ക്ക് ഇരയാകാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. തെല്ലൊന്ന് നേരത്തെ കൃഷിയിടങ്ങളിലേക്കോ ആരാധനാലയങ്ങളിലേക്കോ പോകാന്‍ കഴിയാത്ത സ്ഥിതി വന്നിട്ട് വര്‍ഷങ്ങളായെന്ന് മേഖലയിലെ സാധാരണക്കാര്‍ പറഞ്ഞു. തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ പൊലിയുമ്പോഴും വനംവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഉദാസീനത വയനാട്ടില്‍ എത്തിയാല്‍ കാണാനാകും.

No comments