ദൈഗോളിയിൽ കൊട്‌ലമൊഗറു-പാത്തുർ സർവ്വീസ് സഹകരണ ബാങ്ക് കൊള്ളയടിക്കാൻ ശ്രമം
വൊര്‍ക്കാടി പഞ്ചായത്തിലെ ദൈഗോളിയില്‍ പ്രവര്‍ത്തിക്കുന്ന കൊട്‌ലമൊഗറു-പാത്തുര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം. ബാങ്കിന്റെ ഷട്ടര്‍ ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടാക്കള്‍ സ്‌ട്രോംഗ് റൂം തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഒന്നാം നിലയില്‍ എത്തിയ കവര്‍ച്ചക്കാര്‍ ബാങ്കിന്റെ ഷട്ടര്‍ ഇളക്കി മാറ്റിയാണ് അകത്ത് കടന്നത്. കമ്പിപ്പാര ഉപയോഗിച്ചാണ് ഷട്ടര്‍ ഇളക്കി മാറ്റിയതെന്നു സംശയിക്കുന്നു. സ്‌ട്രോംഗ് റൂം തകര്‍ക്കാന്‍ ശ്രമം ഉണ്ടായെങ്കിലും വിജയിച്ചില്ല. അതിനാല്‍ സ്വര്‍ണ്ണവും പണവും സുരക്ഷിതമാണെന്നു ബാങ്ക് സെക്രട്ടറി ജയറാം നായിക് പറഞ്ഞു. ബാങ്കിനകത്തെ ഫയലുകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ബാങ്കില്‍ നേരത്തെ രാത്രി കാവല്‍ക്കാരന്‍ ഉണ്ടായിരുന്നു. നിലവില്‍ ഉണ്ടായിരുന്ന വാച്ച്മാന്‍ രാജി വെച്ചതിനാല്‍ പുതിയതായി നിയമിതനായ ആള്‍ സെപ്തംബര്‍ ഒന്നിനു ചുമതലയേല്‍ക്കേണ്ടതാണെന്നും സെക്രട്ടറി പറഞ്ഞു. പൊലീസ് അന്വേഷണമാരംഭിച്ചു.
No comments