യജമാനൻ നഷ്ടമായി ചൂരൽമലയിൽ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ ‘വീരു’ അനാഥനല്ല; ഇനി കാസർകോടിന്റെ സ്വന്തം
കാസർകോട് : ഉരുൾപൊട്ടലിൽ യജമാനൻ നഷ്ടമായി ചൂരൽമലയിൽ ഒറ്റപ്പെട്ടുപോയ ‘വീരു’വിന് ഇനി കാസർകോട് തുണയേകും. ഉരുൾപൊട്ടൽ ഭൂമിയിൽ വൊളന്റിയർമാരായി പോയ എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്സ് സംഘം നാട്ടിലേക്കു മടങ്ങുമ്പോൾ കൂടെക്കൂടിയതാണ് ഈ നായയെ.ദുരന്തത്തെ അതിജീവിച്ചവൻ എന്ന നിലയിൽ അവന് ‘വീരു’ എന്നു പേരിട്ടു. കാസർകോട്ടുനിന്ന് പോയ 15 അംഗ സംഘമാണ് നായയെ അവശ നിലയിൽ കണ്ടത്. ചോറ് നൽകാൻ നോക്കിയെങ്കിലും അടുത്തേക്ക് വന്നില്ല. പൊതിച്ചോറ് ദൂരെ വച്ചു നൽകിയപ്പോൾ വന്നു കഴിച്ചു.
മലയിലെ തിരച്ചിൽ അവസാനിപ്പിച്ച് എത്തിയ സംഘത്തിനൊപ്പം കൂടിയ അവന് ആംബുലൻസിൽ ഇടം നൽകി. ടൗണിലെത്തിയപ്പോൾ സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെ ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു.ആംബുലൻസ് മുന്നോട്ടെടുത്തപ്പോൾ വീരുവും കൂടെ ഓടി. അതോടെ വീരുവിനെയും കയറ്റി. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരന്റെ സംരക്ഷണയിലാണ് ഇപ്പോൾ വീരു. പിന്നീട് സംഘാംഗം കാഞ്ഞിരപ്പൊയിൽ കുളങ്ങാട്ട് വിപിൻ കൂടെക്കൂട്ടും.
No comments