Breaking News

പെട്രോള്‍ കലര്‍ന്നതിനെതുടര്‍ന്ന് കുടിവെള്ളം മലിനപ്പെട്ട സംഭവത്തിൽ പരാതിക്കാരന് അനുകൂല വിധി


വെള്ളരിക്കുണ്ട്: പെട്രോള്‍പമ്പിലെ ടാങ്ക് ചോര്‍ന്നതിനെതുടര്‍ന്ന് കുടിവെള്ളം മലിനപ്പെട്ട സംഭവത്തില്‍ പരാതിക്കാരന് അനുകൂലവിധിയുമായി കാഞ്ഞങ്ങാട് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി. വെള്ളരിക്കുണ്ടിലെ ഇരുപ്പക്കാട്ട് ടി.ടി.ജോര്‍ജിന്റെ പരാതിയിലാണ് മജിസ്‌ട്രേറ്റ് സൂഫിയാന്‍ അഹമ്മദ് അനുകൂലവിധി പ്രസ്താവിച്ചത്. പെട്രോളിയം ഉത്പന്നങ്ങള്‍ നിറഞ്ഞ പ്രദേശത്തെ മണ്ണ് പൂര്‍ണമായും മാറ്റി പുതിയ മണ്ണ് നിറയ്ക്കുക, പെട്രോള്‍ ടാങ്കിന് ചുറ്റുമതില്‍ ആയി കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുക, ഒരു മാസത്തിനകം ഈ ജോലികള്‍ പൂര്‍ത്തീകരിക്കുക, അതുവരെ പരാതിക്കാരന് ആവശ്യമായ കുടിവെള്ളം എത്തിക്കുക എന്നിവയാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. 

2023 മെയ് മുതലാണ് പമ്പിലെ കാലപ്പഴക്കം ചെന്ന പെട്രോള്‍ ടാങ്ക് ലീക്കായി അതില്‍നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ മണ്ണില്‍ കലരാന്‍ തുടങ്ങിയത്. 25 മീറ്റര്‍ അകലെയുള്ള ഇരുപ്പക്കാട്ട് ജോര്‍ജിന്റെ വീട്ടുകിണറ്റിലെ വെള്ളത്തിലും പെട്രോള്‍ കലരാന്‍ തുടങ്ങി. പമ്പുടമയെയും ഡീലറെയും വിവരമറിയിക്കുകയും ഇതിന്റെ

ഫോട്ടോ, വീഡിയോ എന്നിവ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കോഴിക്കോട് ഡിവിഷണല്‍ മാനേജര്‍ അമല്‍ജിത്തിനു കൈമാറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഒരുമാസം പെട്രോള്‍ പമ്പ് അടച്ചിട്ട് ടാങ്ക് മാറ്റി. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ നിറഞ്ഞ മണ്ണ് മാറ്റുവാൻ തയാറായില്ല. വേനല്‍ക്കാലം ആവുമ്പോള്‍ മണ്ണില്‍  കിടക്കുന്ന ആ പെട്രോള്‍ കിണറ്റിലേക്ക് ഊര്‍ന്നിറങ്ങുന്ന സ്ഥിതിവിശേഷമുണ്ടായി.  ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കമ്പനിയെ അറിയിച്ചപ്പോള്‍ തികച്ചും ധിക്കാരപരമായ മറുപടിയാണ് ഓയിൽ കമ്പനി പ്രതിനിധി തന്നതെന്ന് പരാതിക്കാരൻ പറയുന്നു. 

ഹൈക്കോടതി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ജലവിഭവമന്ത്രി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കളക്ടര്‍, ആര്‍ടിഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭൂഗര്‍ഭജല അതോറിറ്റി, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത്  എന്നിവര്‍ക്ക് രേഖാമൂലം പരാതി കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍  സ്ഥലത്തെത്തി കുടിവെള്ളം ശേഖരിച്ച് കൊണ്ടുപോവുകയും അശാസ്ത്രീയമായ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താക്കീത് കൊടുക്കുകയും ആ റിപ്പോര്‍ട്ട് ആര്‍ ഡിഒക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തിൽ ആര്‍ഡിഒ സ്ഥലത്തെത്തി കാര്യങ്ങള്‍ മനസിലാക്കുകയും 2023 നവംബര്‍ 22 മുതല്‍ അടിയന്തരമായി ദിവസേന 1000 ലിറ്റര്‍ കുടിവെള്ളം പരാതിക്കാരന് കൊടുക്കണമെന്ന് ഇടക്കാല ഉത്തരവ്  പുറപ്പെടുവിച്ചു.  

ഇന്ത്യൻ ഓയിൽ  കോർപ്പറേഷൻ ഏർപ്പാടാക്കിയ അഞ്ചോളം വക്കീൽമാർക്കെതിരെ വാദിക്കാൻ മാലക്കല്ല് സ്വദേശിയായ അഡ്വക്കേറ്റ് വിനയ് മങ്ങാട്ട് ആണ്  പരാതിക്കാരനായ ജോർജ് ഇരുപ്പക്കാട്ടിന് വേണ്ടി കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായത്.

No comments