Breaking News

പിജി ഡോക്ടറുടെ കൊലപാതകം; സമരത്തിൽ ആശുപത്രികളുടെ ഒപി, വാർഡ് പ്രവർത്തനം സ്തംഭിച്ചു


കൊൽക്കത്തയിൽ പിജി ഡോക്ടർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. ഒപി, വാർഡ് പ്രവർത്തനങ്ങളെയാണ് സമരം കാര്യമായി ബാധിച്ചത്. ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചതോടെ കേരളത്തിലെ പ്രധാന ആശുപത്രികളിലെത്തിയ രോഗികൾ പലരും വെട്ടിലായി.

സംസ്ഥാന വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും കെജിഎംഓയുടെയും നേതൃത്വത്തിലാണ് ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചുകൊണ്ട് പണിമുടക്കിയത്. തിരുവനന്തപുരത്ത് ആർസിസിയിലെയും ശ്രീ ചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെയും പി ജി ഡോക്ടർമാർ ഉൾപ്പെടെ സമരത്തിൽ പങ്കെടുത്തു. അത്യാഹിത വിഭാഗം ഒഴികെ ഡോക്ടർമാർ ബഹിഷ്കരിച്ചതോടെ പ്രധാന ആശുപത്രികളിൽ ചികിത്സ തേടി എത്തിയവർ നിരാശരായി .

ഡൽഹി എയിംസിലുൾപ്പടെ ഡോക്ടർമാർ പ്രതിഷേധ മാർച്ച് നടത്തി. അഞ്ച് ദിവസമായി തുടരുന്ന സമരത്തിൽ എയിംസ്, സഫ്ദർജംങ്, ആർഎംഎൽ തുടങ്ങിയ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവർത്തിക്കുന്നില്ല. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഡോക്ടർമാരുടെ സംഘടന.

No comments