കുന്നുംകൈയിലെ ആറാം ക്ലാസുകാരൻ്റെ സ്നേഹക്കുടുക്കയും വയനാടിന് കരുതലാവും
ഭീമനടി: ആറാം ക്ലാസുകാരൻ കെ. ആദിത്തിൻ്റെ സ്നേഹകുടുക്കയും വയനാടിന് തുണയാകും. കുന്നുംകൈ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മേലടുക്കത്തെ ആദിത്ത് എന്ന കണ്ണനാണ് തന്റെ സമ്പാദ്യകുടുക്ക ഡിവൈഎഫ്ഐ നേതാക്കൾക്ക് മുന്നിൽ തുറന്നത്. അച്ചനും അമ്മയും ബന്ധുക്കളും എല്ലാം നൽകുന്ന ചെറിയ ചെറിയ തുകകൾ ഒരു കുഞ്ഞുപാത്രത്തിൽ സൂക്ഷിക്കുന്ന സ്വഭാവം ആദിത്തിന് കുഞ്ഞുനാളിലേ ഉണ്ട്. വിഷുവിന്റെ കൈനീട്ടം വാങ്ങിച്ച് തുടങ്ങുന്ന ഈ ശേഖരണം അടുത്ത വിഷുക്കാലത്ത് ഇത് ഒന്നാകെ അച്ചനെ ഏൽപിക്കും. തന്റെ കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾ മാത്രം ഇതിലൂടെ നിറവേറ്റുന്നു എന്നല്ലാതെ പ്രത്യേകിച്ച് ഒരു ആഗ്രഹത്തിനും വേണ്ടിയല്ല പണം ശേഖരിക്കുന്നത്. വയനാട് ദുരന്തം നടന്ന് അവിടെയുള്ളവരുടെ ജീവിത ദുരിതം അറിഞ്ഞതോടെ ഈ കുരുന്നു മനസും അസ്വസ്ഥനായി. അങ്ങനെയാണ് മാതാപിതാക്കളോട് തന്റെ പണക്കുടുക്ക ദുരിതം പേറുന്നവർക്കായി നൽകാൻ അനുവാദം ചോദിച്ചത്. സ്നേഹത്തോടെ അവർ അനുമതി നല്‍കിയതോടെ പിന്നെ ഒന്നും ആലോചിച്ചില്ല വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ വീട് നിർമ്മിച്ച് നൽകുന്ന ചെലവിലേക്ക് എന്റെ കുടുക്കയിലെ തുകയും എടുക്കണം എന്ന് മേഖല സെക്രട്ടറിയായ രജിത്ത് പൂങ്ങോടിനെ വിളിച്ച് ആഗ്രഹം പറയുകയായിരുന്നു. അങ്ങനെ ആദ്യമായി തന്റെ സംബാദ്യ കുടുക്ക കാലം തെറ്റിച്ച് പൊളിച്ചു. അതിലുള്ള 1011 രൂപ ഡിവൈഎഫ്ഐ നേതാക്കളായ രജിത്ത് പൂങ്ങോട്, പി അശ്വതി എന്നിവരെ ഏൽപ്പിക്കുകയായിരുന്നു. പെയിന്റിംങ് തൊഴിലാളിയായ അജിത് കുമാറിന്റെയും ഡിവൈഎഫ്ഐ മൗക്കോട് യൂണിറ്റ് പ്രസിഡന്റ് നീതുവിന്റെയും മകനാണ് ബാലസംഘം യൂണിറ്റ് സെക്രട്ടറികൂടിയായ ആദിത്ത്.
No comments