Breaking News

പരിയാരത്ത് പൂവ് പറിക്കാനെന്ന പേരിൽ ജോലിക്ക് അതിഥി തൊഴിലാളികളെയെത്തിച്ച് പണവും ഫോണുകളും കവർന്നു, 2 പേർ പിടിയിൽ



പരിയാരം: അതിഥി തൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളുമായി കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണക്കാട് കുഴിവെള്ളി വെള്ളി വീട്ടില്‍ എ.എന്‍ അനൂപ്(45), തൃശൂര്‍ ജില്ല കുറ്റിച്ചിറ കാരാപാടത്തെ കായംകുടം വീട്ടില്‍ കെ.എസ് അനീഷ്(30)എന്നിവരെയാണ് പരിയാരം എസ്ഐ എന്‍.പി.രാഘവന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ്-30 നാണ് സംഭവം നടന്നത്. 

തളിപ്പറമ്പില്‍ നിന്നും പൂവ് പറിക്കുന്ന ജോലിക്കാണെന്ന് പറഞ്ഞ് ടി.എന്‍.09 കെ-8845 നീല മാരുതിക്കാറില്‍ ഇരുവരും നാല് അതിഥി തൊഴിലാളികളെ പരിയാരം അമ്മാനപ്പാറയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് കാർ റോഡ് സൈഡിൽ പാർക്ക് ചെയ്ത് തൊഴിലാളികളേയും കൂട്ടി നടന്ന് കുറച്ച് ദൂരെയുള്ള പറമ്പിലാക്കി ജോലി ഇവിടെയാണെന്ന് വ്യക്തമാക്കി. പിന്നാലെ  അതിഥിതൊഴിലാളികളുടെ ശ്രദ്ധയിൽപെടാതെ  കാറില്‍ സൂക്ഷിച്ച 11000 രൂപയും 13500,19500 രൂപ വിലവരുന്ന രണ്ട് ഫോണുകളുമായി കടന്നുകളയുകയുമായായിരുന്നു. 

പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ബഹ്‌റാംപൂരിലെ തപസ് ചൗധരി, ബികാസ്, ഗൗതം മാന്‍ഡ എന്നിവരാണ് കവര്‍ച്ചക്കിരയായത്. രണ്ട് മോഷ്ടാക്കളും കുടുംബസമേതം പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെത്തി അവിടെ ലോഡ്ജില്‍ മുറിയെടുത്ത ശേഷമാണ് കാറുമായി മോഷണത്തിന് ഇറങ്ങിയത്. മോഷണം സംഘത്തിലെ അനൂപ് ആറുവര്‍ഷം മുമ്പ് പരിയാരം പൊന്നുരുക്കിപ്പാറയിലെ പന്നിഫാമില്‍ ജോലി ചെയ്തിരുന്നു. ആ സ്ഥലപരിചയം വെച്ചാണ് ഇവര്‍ അതിഥി തൊഴിലാളികളുമായി അമ്മാനപ്പാറയില്‍ എത്തിയത്. 

അതിഥി തൊഴിലാളികള്‍ സംസ്ഥാനത്ത് പലയിടത്തം ഇത്തരത്തില്‍ കവര്‍ച്ചക്ക് ഇരയാവുന്നത് സ്ഥിരം സംഭവങ്ങളാണെങ്കിലും അന്വേഷണം ഊർജ്ജിതമായി നടക്കാത്തതിനാൽ  പ്രതികള്‍ രക്ഷപ്പെട്ട് പോവാറാണ് പതിവ്. എന്നാല്‍ പരിയാരം പൊലീസ് ഈ കേസിൻ്റെ പിന്നാലെ തന്നെ കൂടുകയും അധികം തെളിവുകൾ ഇല്ലാത്ത ഈ കേസില്‍ സി.സി.ടിവി ദൃശ്യങ്ങളും മൊബല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച്  നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രതികള്‍ ഫോണുകളും ഉപയോഗിച്ചിരുന്ന സിമ്മുകളും മാറ്റിയെങ്കിലും കണ്ണൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സമര്‍ത്ഥമായ ഇടപെടലാണ് പൊലീസിന് പ്രതികളിലേക്കെത്താന്‍ വഴിതുറന്നത്.

പൊലീസ് പിന്തുടരുന്നതായി സംശയിച്ച് പൊള്ളാച്ചിയിലേക്ക് കടന്ന പ്രതികള്‍ അവിടെ ഒരു തെങ്ങിന്‍ തോപ്പില്‍ ജോലി ചെയ്യമ്പോഴാണ് പിടിയിലായത്. പരാതിക്കാർ അതിഥി തൊഴിലാളികളായതിനാല്‍ എഴുതി തള്ളുമെന്ന് കരുതിയ കേസാണ് പൊലീസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.വിനോദ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ വിനീഷ്‌കുമാര്‍, എസ്.ഐ എന്‍.പി.രാഘവന്‍, അഡീ.എസ്.ഐ വിനയന്‍ ചെല്ലരിയന്‍, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സിപി.ഒമാരായ നൗഫല്‍ അഞ്ചില്ലത്ത്, എന്‍.എം.അഷറഫ്, രജീഷ് പൂഴിയില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.


No comments