Breaking News

സല്യൂട്ട് ഇന്ത്യന്‍ ആര്‍മി, ചൂരല്‍മലയില്‍ ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയായി, ബല പരിശോധന വിജയകരം മരണ സംഖ്യ 297




വയനാട്: വയനാട് ചൂരല്‍മലയില്‍ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായി ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിച്ചത്. ബെയ്‌ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ വഴിയൊരുങ്ങുകയാണ്.


അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരണ സംഖ്യ 297 ആയി ഉയര്‍ന്നു. 34 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. മുണ്ടക്കൈയിൽ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സർക്കാരിനെ അറിയിച്ചു. കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമറ്റത്തെ നടുക്കുന്ന കാഴ്ചകളാണ് ഇന്ന്  കണ്ടത്. രാത്രി 12.45 ന് ആദ്യ ഉരുൾപൊട്ടി ഇറങ്ങിയ ഈ സ്ഥലത്ത് മലവെള്ളം ഒരു നാടിനെ കിലോ മീറ്ററുകൾ ദൂരത്തിൽ രണ്ടായി പിളർത്തിയ ദുരന്ത ദൃശ്യമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. 240 പേരെ ഇപ്പോഴും കാണാനില്ല. മുണ്ടക്കൈയിൽ തകർന്ന വീടുകളുടെ ഉള്ളിലും മണ്ണിന് അടിയിലുമായി ഇവർ അകപ്പെട്ടിരിക്കാം എന്ന സംശയത്തിൽ തെരച്ചിൽ തുടരുകയാണ്. വലിയ യന്ത്രങ്ങൾ എത്തിച്ചാൽ മാത്രമേ പൂർണതോതിൽ തെരച്ചിൽ സാധ്യമാകൂ. പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവർത്തകർക്ക് എത്താൻ ആവാത്തതിനാൽ മരണസംഖ്യ ഏറെ ഉയർന്നേക്കും.

No comments