വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ താമസിച്ചു; ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റിൽ
മുംബൈ: വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ ജീവിക്കാൻ ശ്രമിച്ചതിന് ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ. മുംബൈയിലെ ഉല്ലാസ് നഗറിൽ നിന്നാണ് അരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെയെ അറസ്റ്റ് ചെയ്തത്. ഹിൽ ലൈൻ പോലീസാണ് അറസ്റ്റ് ചെയ്തത്.
അംബർനാഥിൽ ഒരു ബംഗ്ലാദേശി കുടുംബം വ്യാജ രേഖകൾ ഉപയോഗിച്ച് താമസിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് പോണ്‍ താരം വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ കഴിയുന്നതായി വ്യക്തമായത്.
അന്വേഷണത്തിൽ അമരാവതി സ്വദേശിയാണ് റിയയ്ക്കും അവരുടെ കൂടെയുള്ള മൂന്ന് പേർക്കും ഇന്ത്യയിൽ താമസിക്കാൻ വേണ്ടി വ്യാജ രേഖകൾ തയ്യാറാക്കി നൽകിയെന്ന് കണ്ടെത്തി. റിയയും അമരാവതി സ്വദേശിയും ഉൾപ്പെടെ നാല് പേർക്കെതിരെ 1946 ലെ ഫോറിനേഴ്‌സ് ആക്‌ട് സെക്ഷൻ 14(എ) പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 420, സെക്ഷൻ 465, സെക്ഷൻ 468, സെക്ഷൻ 471, സെക്ഷൻ 34 എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്.
റിയയുടെ കൂടെയുണ്ടായിരുന്ന ബന്ധുക്കളെ കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. റിയയുടെ മാതാപിതാക്കൾ നിലവിൽ മറ്റൊരു രാജ്യത്താണ് താമസിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
No comments