Breaking News

'വടക്കാക്കുന്ന് മരുത്കുന്നിൽ ഖനന പ്രവർത്തനം പൂർണ്ണമായി ഒഴിവാക്കുക': സി.പി.ഐ എം തോടംചാൽ ബ്രാഞ്ച് സമ്മേളനം സമാപിച്ചു


പരപ്പ : വടക്കാക്കുന്ന്-മരുത് കുന്ന് തുടങ്ങിയ പ്രദേശത്ത് കരിങ്കൽ ഖനനം നടത്തുവാനുള്ള പ്രവർത്തവുമായി ആറോളം കമ്പനികൾ അനുമതിക്കായി കാത്തിരിക്കുകയാണ്. ഉദ്യാഗസ്ഥരെ സ്വാധീനിച്ച് വിവിധ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വാങ്ങിയെടുത്ത ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി കോടതിയെ സമീപിക്കുകയാണ് ഇത്തരം കമ്പനികൾ ചെയ്തു വരുന്നത്. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ കുന്നാണ് വടക്കാക്കുന്ന്: ഇതിൻ്റെ ചെരിവും ഉയരവും ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടില്ല. താഴ് വാരത്തുള്ള ജനങ്ങളുടെ കുടിവെള്ള ശ്രോതസ്സും ഈ മലമുകളിലാണ്. പതിച്ചു നൽകിയ ഭൂമിയും പട്ടിക വർഗ്ഗ കുടുംബത്തിന്  നൽകിയ ഭൂമിയും, മിച്ചഭൂമിയും ഇവിടെയുണ്ട്. ഇതെല്ലാം കൃത്യമായ സർവ്വെയിലൂടെ കണ്ടെത്തണം. മരുത് കുന്നിൽ  ടൺ കണക്കിന് മണ്ണ് നീക്കം ചെയ്താൽ മാത്രമേ ഖനനം സാധ്യമാകൂ.എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ ഇവിടെ ഖനനത്തിന് അനുയോജ്യമല്ല എന്ന് രേഖപ്പെടുത്തിയിരുന്നു.എന്നാൽ അന്ന് അവതരിപ്പിച്ച അതേ റിപ്പോർട്ട് മേശപ്പുറത്ത് വെക്കുവാൻ തയ്യാറായില്ല. യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി നേതാക്കളോടും ജനപ്രതിനിധികളോടും, സംരക്ഷണ സമിതി അംഗങ്ങളോടും വിവരാവകാശ പ്രകാരം മാത്രമേ റിപ്പോർട്ട് നൽകാൻ കഴിയൂ എന്നാണ് ഏ ഡി എം പറഞ്ഞത്.പിന്നീട് വിവരാവകാശ നൽകി വാങ്ങിയപ്പോൾ മറ്റൊരു റിപ്പോർട്ടാണ് ലഭിച്ചത്.ഇതിൽ തന്നെ ഉദ്യാഗസ്ഥരുടെ ഒളിച്ചുകളി വ്യക്തമാണ്. ആയതിനാൽ കൃത്യമായ പരിശോധന നടത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയും ഇത്തരം ഉദ്യാഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ നടത്തുകയും ചെയ്യണമെന്ന് സി.പി.ഐ എം തോടംചാൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.കെ.മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സി പി ഐ എം  ഏരിയ കമ്മറ്റി അംഗം കയനി മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുധീഷ് ചന്ദ്രൻ രക്തസാക്ഷി പ്രമേയവും ബീന രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.വിനോദ് പന്നിത്തടം, ടി.പി.തങ്കച്ചൻ,എ.ആർ.വിജയകുമാർ, ബാബു ടി.എൻ, സി.വി. മൻമഥൻ, രമണി രവി, രമണി ഭാസ്കരൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയായി ബി.ഹരിഹരനെ തെരഞ്ഞെടുത്തു.

No comments