Breaking News

ദില്ലിക്ക് ഇനി പുതിയ മുഖ്യമന്ത്രി, കെജ്രിവാളിന്‍റെ പിൻഗാമിയായി അതിഷി മർലേന,




ദില്ലി:ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും.

മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനുശേഷം അരവിന്ദ് കെജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റു എംഎല്‍എമാര്‍ തീരുമാനം അംഗീകരിച്ചു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. എംഎല്‍എമാരുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാള്‍ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എംഎൽഎമാരുടെ യോഗത്തിൽ അതിഷിയെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തുവെന്നും കെജ്രിവാള്‍ സത്യസന്ധനാണെന്ന് ദില്ലിയിലെ ജനങ്ങൾ തീരുമാനിക്കുമെന്നും ഗോപാല്‍ റായി പറഞ്ഞു. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും ഗോപാല്‍ റായി പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷി സർക്കാരിനെ നയിക്കും. ബി ജെ പി യിൽ നിന്ന് ദില്ലിയെ രക്ഷിക്കുകയാണ് ലക്ഷ്യം. വൈകിട്ട് നാല് മണിക്ക് കെജ്രിവാള്‍ രാജി കത്ത് നല്‍കും. രാജി കത്ത് നൽകിയ ശേഷം പുതിയ സർക്കാരിനുള്ള എംഎൽഎ മാരുടെ പിന്തുണ കത്ത് നൽകുമെന്നും ഗോപാല്‍ റായ് പറഞ്ഞു.

11വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. ദില്ലിയിലെ കല്‍കാജിയിൽ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന. 43ാം വയസ്സിൽ ദില്ലി മുഖ്യമന്ത്രി പദത്തിലെത്തുന്ന അതിഷി മർലേനാ ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. ദില്ലിയിൽ എഎപിയുടെ ഭരണതുടർച്ചയ്ക്ക് സഹായകരമായ പരിഷ്ക്കരണ നടപടികളുടെയും ചുക്കാൻ അതിഷിക്കായിരുന്നു. നിലവിൽ മമത ബാനർജിക്കു പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏക വനിത അതിഷിയാകും.

No comments