Breaking News

ടെറസിൽ വിരിഞ്ഞ ചെണ്ടുമല്ലിക്ക് ഏഴഴക്... മണ്ണാട്ടിക്കവല ഡോ.അംബേദ്കർ എസ്ടി പുരുഷ സ്വയം സഹായ സംഘത്തിന്റെ ചെണ്ടുമല്ലി പൂവ് വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു


ഭീമനടി : ടെറസിൽ വിരിഞ്ഞ ചെണ്ടുമല്ലിക്ക് ഏഴഴക്. മണ്ണാട്ടിക്കവല ഡോ.ബി ആർ അംബേദ്കർ എസ് ടി പുരുഷസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ട് മല്ലി പൂവ് കൃഷിയാണ് മനം കുളിർക്കുന്ന കാഴ്ച നൽകുന്നത്. സംഘത്തിലെ അംഗമായ കെ പി മോഹനന്റെ വീടിന്റെ ടെറസിലാണ് സംഘം പ്രസിഡന്റ് കെ പി ചന്ദ്രന്റെയും സെക്രട്ടറി വി ബൈജുവിന്റെയും നേതൃത്വത്തിൽ 16 പേരടങ്ങുന്ന സംഘം ചെണ്ടുമല്ലി കൃഷി ചെയ്തത്. ചെറുപുഴയിലെ സ്വകാര്യ നഴ്സറിയിൽ നിന്ന് തൈക്ക് ആറ് രൂപ നിരക്കിൽ 100 ഓറഞ്ച്, 100 മഞ്ഞ, 12 രൂപ നിരക്കിൽ 50 വെള്ള കളറിലുള്ള തൈകളാണ് കൃഷി ചെയ്തത്. തുടർച്ചയായി മൂന്ന് വർഷം വരെ കൃഷി ചെയ്യാവുന്ന 250 ഗ്രോബാഗുകളാണ് ഇതിനായി ഉപയോഗിച്ചത്. 5500 രൂപ കൃഷിക്ക് ചെലവായി. നിലവിൽ വെള്ള പൂവിന് കിലോ 100ഉം മറ്റുള്ളതിന് 60ഉം രൂപയാണ് മാർക്കറ്റ്. ഇത് ഓണമാകുന്നതോടെ 150,100 എന്ന നിലയിൽ ലഭിക്കും. ഒരു ചെടിയിൽ നിന്ന് ശരാശരി ഒരു കിലോ ലഭിക്കാം. മണ്ണിൽ നിന്നുള്ള കീടബാധ ചെടികളെ ചെറിയതോതിൽ ബാധിച്ചിട്ടുണ്ട്. 40 ഓളം ചെടികൾ പൂവിട്ടശേഷം നശിച്ചു എങ്കിലും ശേഷിക്കുന്നവ നല്ല പ്രതീക്ഷ നൽകുന്നു. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ അധ്യക്ഷയായി. വി ബൈജു സ്വാഗതവും കെ പി ചന്ദ്രൻ നന്ദിയും പറഞ്ഞു.

No comments