Breaking News

അന്തരിച്ച മുൻ സർക്കസ് കലാകാരനും ലോട്ടറി വ്യാപാരിയുമായ ജോസ് കൈതമറ്റത്തിൻറെ മൃതദേഹം ഒടയംചാലിൽ പൊതുദർശനം വെയ്ക്കും.


ഒടയംചാൽ: ഇന്നലെ രാത്രിയിൽ അന്തരിച്ച മുൻ സർക്കസ് കലാകാരനും ലോട്ടറി വ്യാപാരിയുമായ
ജോസ് കൈതമറ്റത്തിൻറെ മൃതദേഹം  രാവിലെ ഒടയംചാലിൽ പൊതുദർശനം വെയ്ക്കും. കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം തെരുവ് സർക്കസിന്റെ ഭാഗമായിട്ടാണ് 40 വർഷത്തോളമായി ഒടയംചാലിൽ എത്തിയിട്ട്. ചെറുപ്പകാലത്ത് തലമുടിയിൽ വാഹനം കെട്ടിവലിക്കുന്ന ഐറ്റം അടക്കം സാഹസികമായ പലരംഗങ്ങളും അവതരിപ്പിച്ചിരുന്നു. മികച്ച അനൗൺസറുമാണ്.
സർക്കസിനിടെ പരിചയപ്പെട്ട പൊടവടുക്കം സ്വദേശിനി വത്സലകുമാരിയെ ജീവിതസഖിയാക്കുകയായിരുന്നു.ഒടയംചാലിൽ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തിയിരുന്നു. പിന്നിട് ഭാര്യയുമായി ചേർന്ന് ഹരിതകാവേരി എന്ന പേരിൽ ലോട്ടറി സ്റ്റാൾ നടത്തിവരികയായിരുന്നു. രണ്ട് തവണ ലോകസഭ തിരഞ്ഞെടുപ്പിലേക്ക് സ്വതന്ത്രസ്ഥാനായി മത്സരിച്ചിട്ടുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങലിലും പൊതുരംഗത്തും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു. വർഷങ്ങൾ മുമ്പ് സ് ഒടയംചാൽ ടൗണിൽ ഒന്നര ലക്ഷം മുടക്കി സ്വന്തം ചിലവിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് ഇതിൻറെ രാജപുരം, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിൽ
ഇതിൻറെ സ്ക്രീൻ സ്ഥാപിച്ച് ജനശ്രദ്ധ നേടിയിരുന്നു.
കാസർകോട് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനുമോദനവും അമ്പലത്തറ ജനമൈത്രി പോലീസ് സ്റ്റേഷന്റെ അംഗീകാരവും നേടിയിട്ടുണ്ട്. 
മൃതദേഹം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കണമെന്ന് ഭാര്യയോട്
നേരത്തെതന്നെ ആഗ്രഹം അറിയിച്ചിരുന്നു. ചില ചില കാരണങ്ങളാൽ മെഡിക്കൽ കോളേജ് മൃതദേഹം ഏറ്റെടുക്കാൻ കഴിയില്ലയെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് അട്ടേങ്ങാനം വെള്ളമുണ്ടയിലെ ഭാര്യയുടെ തറവാട്ടു വളപ്പിൽ നാളെ 12 ന് സംസ്കരിക്കും.
ജോസ് കൈതമറ്റം - പി.പി.വത്സല കുമാരി
ദമ്പതികൾക്ക് മക്കളില്ല. :മാതാപിതാക്കൾ പരേതരായ തോമസ് കൈതമറ്റം, എലിസബത്ത്
സഹാദരങ്ങൾ: പരേതയായ ആലീസ് ( പൂനെ) ദേവസ്യ (പൂനെ) ജോളി താമരശ്ശേരി) സണ്ണി (പൂനെ) .

No comments