Breaking News

വന്യമൃഗശല്യം : കരിന്തളത്ത് ജനജീവിതം ദുസ്സഹം കെ എസ് കെ ടി യു പ്രക്ഷോഭത്തിലേക്ക്


കരിന്തളം: വന്യമൃഗങ്ങളുടെ ശല്യം  രൂക്ഷമായതോടെ കരിന്തളത്ത്  ജനജീവിതം ദുഷ്കരമാകുന്നു. ജനങ്ങളുടെ  ജീവനോപാധിയായ  കാർഷിക വിളകൾ നശിപ്പിച്ചും, ജീവനുതന്നെ ഭീഷണിയുമാകുന്ന നിലയിൽ വന്യമൃഗങ്ങൾ വിഹരിക്കുകയാണ്. കർഷകർ ഏറെ അധ്വാനിച്ചും പണം ചെലവാക്കിയും പരിപാലിക്കുന്ന കാർഷിക വിളകൾ പന്നി ഉൾപ്പെടെയുള്ള കാട്ടു മൃഗങ്ങൾ നശിപ്പിക്കുകയാണ്. കപ്പ,വാഴ, ചേമ്പ്, പച്ചക്കറികൾ തുടങ്ങിയ കാർഷികവിളകൾ ഒന്നും തന്നെ കർഷകർക്ക് വിളവെടുക്കാൻ കിട്ടുന്നില്ല. ഇതിന്റെ ഭാഗമായി കൃഷി ചെയ്യാൻ കർഷകർ തയ്യാറാകാതിരിക്കുകയും തൊഴിലാളികൾക്ക് പണി ഇല്ലാതാവുകയും ചെയ്യുന്നു. പുലർച്ചെ ജോലിക്ക് പോകുന്ന ടാപ്പിംഗ് തൊഴിലാളികളെ പലപ്പോഴും പന്നി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. മീർകാനത്തെ ടാപ്പിംഗ് തൊഴിലാളിയായ സോണി പന്നിയുടെ അക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലാണ്. നിരവധി പേർ ഭാഗ്യം കൊണ്ട് മാത്രമാണ് പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്. കരിന്തളം പ്രദേശത്ത് പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങി എന്ന വാർത്ത ജനങ്ങളിൽ വലിയ ഭീതിയാണ് പടർത്തിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെ വെടിവെക്കാൻ അനുവാദം നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം ഉണ്ടെങ്കിലും അതൊന്നും വേണ്ട വിധത്തിൽ പ്രായോഗികമാകുന്നില്ല. കാർഷിക വിളകൾ നശിപ്പിക്കുന്ന, ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക തൊഴിലാളി യൂണിയൻ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 4 ന് കരിന്തളത്തുള്ള ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തും. ഈ വിഷയത്തിൽ അനന്തര നടപടി ഉണ്ടായില്ലെങ്കിൽ തുടർന്ന് ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കെ എസ് കെ ടി യു വില്ലേജ് സെക്രട്ടറി എം ചന്ദ്രൻ, പ്രസിഡണ്ട് കെ. ലെനിൻ പ്രസാദ് എന്നിവർ അറിയിച്ചു.

No comments