Breaking News

നെൽകർഷകർ കണ്ണീരിൽ ; കനത്ത മഴയെ തുടർന്ന് വിളഞ്ഞ നെൽച്ചെടികൾ വീണുകിടക്കുന്ന കിണാവൂർ പാടശേഖരം


കരിന്തളം : തുടർച്ചയായി പെയ്യുന്ന മഴ കാർഷിക വിളകൾക്ക്‌ ദോഷമാകുന്നു. കൊയ്ത്ത് കാലമായതിനാൽ നെൽകൃഷിക്കാണ് ഏറ്റവും കൂടുതൽ നാശം. കിണാവൂർ, കീഴ് മാല,  പാലായി പ്രദേശങ്ങളിൽ വിളവെടുപ്പിനായ നെൽ വയലുകൾ തുടർച്ചയായ മഴയിൽ നശിക്കുന്നു.  
കിണാവൂർ പാടശേഖരത്തിൽ 40 എക്കറോളം സ്ഥലത്ത്‌ ഇത്തവണ കൃഷിയിറക്കിയിട്ടുണ്ട്. കൂടുതലായും ആതിര വിത്ത് കൃഷിയിറക്കിയവർക്കാണ് തിരിച്ചടിയായത്. ഉയരത്തിൽ വളരുന്ന നെൽച്ചെടി മഴ കനത്തതോടെ ഒടിഞ്ഞുകുത്തി വീഴുകയാണ്. ഇവ കൊയ്തെടുക്കാനും പ്രയാസമാണെന്ന് കർഷകർ പറയുന്നു. 
കഴിഞ്ഞ വർഷം ഉമ, ശ്രേയ വിത്തുകളാണ് കൃഷിയിറക്കിയത്. ഇവയ്‌ക്ക് ഉയരം കുറവായതിനാൽ വിളയുമ്പോഴേക്കും നിവർന്ന് നിൽക്കുകയാണ് ചെയ്യുന്നത്. വീണു കിടക്കുന്ന നെൽച്ചെടിയിൽ നിന്നും പകുതി വിളവ് പോലും ലഭിക്കില്ലെന്നും വൈക്കോൽ പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്നും കൃഷിക്കാർ പറയുന്നു. വീണ് കിടക്കുന്ന നെല്ല് വിളവെടുക്കാൻ കൊയ്ത്ത് യന്ത്രം വരാനും മടിക്കുമെന്ന് കർഷകർ പറഞ്ഞു.
ലക്ഷങ്ങൾ ചെലവിട്ട് നടത്തിയ കൃഷി നശിച്ചതോടെ കർഷകർ കടക്കെണിയിലാവും. കുടുംബശ്രീയിൽ നിന്നും, സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്‌പയെടുത്ത കർഷകർ തിരിച്ചടക്കാൻ പറ്റുമോ എന്ന ആശങ്കയിലാണ്.



No comments