Breaking News

65 വർഷം കഠിന തടവ്, രണ്ടര ലക്ഷം പിഴ; കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത് 17 കാരിയോട് കാട്ടിയ ക്രൂരതക്ക്


പത്തനംതിട്ട: പതിനേഴുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിൽ അർധരാത്രിയിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. സീതത്തോട് സ്വദേശിയായ സോനു സുരേഷ് (22) എന്ന പ്രതിക്ക് പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് 65 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2022 ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.

പ്രതി പെൺകുട്ടിയെ പ്രണയം നടിച്ചും വശീകരിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകുകയും വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വീട്ടിൽ അർധരാത്രി അതിക്രമിച്ച് കയറി ലൈംഗിക പീഡനം നടത്തുകയുമായിരുന്നു. ഒന്നിലധികം ദിവസങ്ങളിൽ പ്രതി ഇത്തരത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടു. ഒരു ദിവസം പെൺകുട്ടിയെ പ്രതി വൈകിയ സമയത്ത് കൂട്ടി കൊണ്ടുവരുന്നത് കണ്ട മാതാപിതാക്കൾ പ്രതിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും പ്രതിയെ വിലക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ മാതാപിതാക്കൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതോടെ പ്രതിയുമായുള്ള ബന്ധത്തിൽ നിന്നും പെൺകുട്ടി പിൻവാങ്ങി.

തുടർന്നുണ്ടായ വിരോധത്തിൽ പ്രതി പെൺകുട്ടിയേയും മാതാപിതാക്കളേയും വിടുകയറി ആക്രമിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തു. ഓടിക്കൂടിയ അയൽവാസികൾ പ്രതിയെ തടഞ്ഞ് വച്ച് പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് വിടുകയറി ആക്രമിച്ചതിന് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പീഡന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തുകയും ലൈംഗിക പീഡനത്തിന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. രണ്ടു കേസിലും വിചാരണ പൂർത്തിയാക്കി കോടതി പ്രത്യേകം പ്രത്യേകം വിധി പ്രസ്താവിച്ചു.

ലൈംഗിക പീഡന കേസിലെ ശിക്ഷാ വിധിക്ക് പുറമേ വീടുകയറി ആക്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ 1 വർഷം അധിക കഠിനതടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരു കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാതൃൂസാണ് ഹാജരായത്. പത്തനംതിട്ട പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന ജി സുനിൽ, ജിബു ജോൺ എന്നിവരും സബ് ഇൻസ്പെക്ടർ ആയിരുന്ന ജ്യോതി സുധാകറുമാണ് ഇരു കേസുകളിലായി അന്വേഷണ ചുമതല നിർവഹിച്ചത്.

No comments