അരയി ഗ്രാമത്തിലെ തെയ്യങ്ങൾ മറ്റൊരു തെയ്യത്തെ കാണാൻ ഇത്തവണയും കടത്തുതോണിയിൽ പുഴ കടന്നെത്തി
കാഞ്ഞങ്ങാട്: അരയി ഗ്രാമത്തിലെ തെയ്യങ്ങൾ മറ്റൊരു തെയ്യത്തെ കാണാൻ ഇത്തവണയും കടത്തുതോണിയിൽ പുഴ കടന്നെത്തി. അരിവിതച്ച് അരയിലെ സമൃദ്ധമാക്കിയ കാർത്തിക ചാമുണ്ഡിയാണ് കൂട്ടുകാരൊടൊപ്പം അരയിപ്പുഴ കടന്ന് മറ്റൊരു കൂട്ടുകാരനായ കാലിച്ചേകവനെ തേടിയെത്തിയത്. പരന്നുകിടക്കുന്ന ജലപാതയിലൂടെയാണ് ഇരുകരകളിലെ ജനങ്ങളെ സാക്ഷിയാക്കി തെയ്യമെത്തിയത്. കടവിൽ നിന്നും മൂന്നുപേരുമായി തോണി എല്ലാ വർഷവും മറുകരയിലേക്ക് പുറപ്പെടും. ആ വരവും നോക്കി അക്കരെക്കടവിൽ ഒരാൾ കാത്തുനിൽപ്പുണ്ടാകും.
തോണിയിറങ്ങിയാൽ അവർ ഒന്നാകും. തെയ്യങ്ങൾ തമ്മിൽ നാട്ടുവിശേഷങ്ങൾ പങ്കിടും. ഗ്രാമം ചുറ്റിക്കാണും. ദേശവും കൃഷിയും കൈവിടാതെ കാത്തോളാം എന്ന വാക്ക് പരസ്പരം ഓർമ്മിപ്പിക്കും. പിന്നെ ഉപചാരം ചൊല്ലിപ്പിരിഞ്ഞ് വന്ന മൂവരും മറുകരയിലെ പതിയിലേക്കും നിന്നവൻ കാവിലേക്കും മടങ്ങും. ഇതാണ് അരയി ഗ്രാമത്തിലെ തെയ്യങ്ങളുടെ കൗതുകം. പുത്തില്ലം തറവാട്ടിലെ പുലയസമുദായക്കാരാണ് കാർത്തിക വയൽ പ്രദേശത്തെ ആദിമവാസികൾ. പണ്ട് പുഴ ഗതിമാറിയൊഴുകിയെന്നും അങ്ങനെ അരയിയിൽ വയലുണ്ടായി എന്നുമാണ് വിശ്വാസം. ഒരുകര അരയി ഗ്രാമവും മറുകര കാർത്തിക വയലുമായി. ഭൂമിക്ക് കാവൽ നിൽക്കാൻ അള്ളടത്തു തമ്പുരാൻ രണ്ടു ചേരിക്കല്ലുകൾ ഉണ്ടാക്കി. അവിടെ സ്വരൂപത്തിന്റെ കാവൽദൈവങ്ങളെ പ്രതിഷ്ഠിച്ചു. അരയിയിൽ കൊട്ടാരവും കാർത്തികയിൽ പത്തായപ്പുരയുമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. ചേരിക്കല്ലുകളിൽ പുലയർ വിയർപ്പൊഴുക്കി. പണിയെടുത്ത് പ്രാണനറ്റപ്പോൾ ദൈവങ്ങളെ കൂട്ടുവിളിച്ചു. ആരാധിക്കാൻ പതി കെട്ടിയുണ്ടാക്കി. ചാമുണ്ഡിയും കാലിച്ചാനും ഗുളികനുമൊക്കെ ദൈവങ്ങളായി.
പതിയിലെ മരത്തിനു കീഴെ അരിയിടുന്ന കല്ലുണ്ട്. തെയ്യങ്ങളെല്ലാം ആ കല്ലിൽ അരിയിട്ടു വന്ദിക്കും. പിന്നാലെ പതിയിലെ തെയ്യങ്ങൾ തോണിയിൽ പുഴ കടക്കും. ഊരുകാവൽക്കരനായ മറ്റൊരു കാലിച്ചാന്റെ കാവ് അക്കരെയുണ്ട്. വണ്ണാൻ സമുദായക്കാർ തെയ്യത്തെ കെട്ടിയാടുന്ന കാവാണിത്. അദ്ദേഹത്തെ കാണാനാണ് ഈ യാത്ര. പുഴ കടന്നു വരുന്ന തെയ്യങ്ങളെ കാലിച്ചാൻ തെയ്യം സ്വീകരിക്കും. ഒരുമിച്ച് ദേശസഞ്ചാരം നടത്തും. പിന്നെ ചാമുണ്ഡിയും സംഘവും കാർത്തികയിലെ പതിയിലേക്കും കാലിച്ചാൻ തന്റെ കാവിലേക്കും മടങ്ങും. ദൈവ സങ്കൽപ്പത്തെ പ്രകൃതിയുമായി ചേർത്തുവയ്ക്കുന്നു എന്നതാണ് കാർത്തിക ചാമുണ്ഡി, കാലിച്ചേകവൻ, ഗുളികൻ തെയ്യങ്ങളുടെ കൂടിക്കാഴ്ചയുടെ അടിസ്ഥാനം.
No comments