സ്ഥാപനത്തിന് മുന്നിൽ നിന്നും പുകവലിക്കുന്നത് ചോദ്യം ചെയ്ത പരപ്പച്ചാൽ സ്വദേശിയായ യുവാവിനെ രണ്ടംഗസംഘം ആക്രമിച്ചു
കാഞ്ഞങ്ങാട് : സ്ഥാപനത്തിന് മുന്നിൽ നിന്നും പുകവലിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ രണ്ടംഗസംഘം ആക്രമിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസിനെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിൽ പടന്നക്കാട് ടി എം ക്വാർട്ടേഴ്സ് താമസിക്കുന്ന കെ പി ഷാഹിദിനെ (24) ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.
വ്യാഴം വൈകിട്ട് ആറരയോടെയാണ് സംഭവം. പടന്നക്കാട്ടെ ഇന്റീരിയൽ ഡെക്കറേഷൻ സ്ഥാപനത്തിന് മുന്നിൽ നിന്നും ഭീമനടി പരപ്പച്ചാലിലെ എം രാജന്റെ മകൻ ആർ ഷണ്മുഖകുമാർ (24) നെയാണ് ഷാഹിദും സുഹൃത്ത് മുബഷീറും ചേർന്ന് ആക്രമിച്ചത്. വിവരമറിഞ്ഞ് ഇൻസ്പെക്ടർ പി അജിത്തും സംഘവും സ്ഥലത്ത് എത്തിയപ്പോൾ ഇവർ പോലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. അക്രമത്തിന്റെ വീഡിയോ പകർത്തുകയായിരുന്ന സ്പെഷൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടി തെറിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. ഷൺമുഖകുമാറിന്റെ പരാതിയിൽ മറ്റൊരു കേസും ഇവർക്കെതിരെ റജിസ്ട്രർ ചെയ്തു.
No comments