Breaking News

ശ്രീ മൂകാംബിക ട്രാവൽസിൻ്റെ കാരുണ്യ യാത്രയിൽനിന്ന് സമാഹരിച്ച തുക കൈമാറി


പാണത്തൂർ : ശ്രീ മൂകാംബിക ട്രാവൽസ് കാരുണ്യ യാത്രയിലൂടെ സമാഹരിച്ച തുകയും  മൂകാംബിക കാരുണ്യ യാത്ര കൂട്ടായ്മ 100 രൂപ ഗൂഗിൾ പേ ചലഞ്ചിലൂടെ സമാഹരിച്ച തുകയും ചേർത്ത് ജില്ലയിലെ മൂന്ന് അഗതി, അനാഥ മന്ദിരങ്ങൾക്ക് കൈമാറി.അമ്പലത്തറ മൂന്നാം മൈലിലെ സ്നേഹാലയ,മലപ്പച്ചേരിയിലെ മലബാർ പുനരധിവാസ കേന്ദ്രം,ഏച്ചിക്കാനം അഭയം വൃദ്ധാശ്രമം എന്നീ അഗതി, അനാഥ മന്ദിരങ്ങൾക്കാണ് തുക കൈമാറിയത്.56,500 രൂപയാണ് ഈ മൂന്നു സ്ഥാപനങ്ങൾക്കും ആയി നൽകിയത്.സാധാരണ രോഗം മൂലം നഷ്ടപ്പെടുന്ന ആളുകൾക്ക് ചികിത്സാ സഹായം നൽകുന്നതിനായിട്ടാണ് ഒന്നാം തീയതിയിലെ ശ്രീ മൂകാംബിക ട്രാവൽസിന്റെ കാരുണ്യ നിധി നൽകാറുള്ളതെന്നും, എന്നാൽ മേൽപ്പറഞ്ഞ അഗതി, അനാഥ മന്ദിരങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയതു കൊണ്ടാണ് ഈ മാസത്തെ മൂകാംബിക ട്രാവൽസിന്റെ കാരുണ്യ യാത്രയിൽ നിന്ന് ലഭിക്കുന്ന തുകയും, ശ്രീ മൂകാംബിക കാരുണ്യ യാത്ര  കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള 100 രൂപ ഗൂഗിൾ പേ ചലഞ്ചിൽ നിന്നും ലഭിക്കുന്ന തുകയും ചേർത്ത് ഈ സ്ഥാപനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതെന്ന് ബസ്സുടമ കാട്ടൂർ വിദ്യാധരൻ നായർ പറഞ്ഞു. ജില്ലയിലെ ഈ മൂന്ന് അനാഥ,അഗതി മന്ദിരങ്ങൾ ആരോരും ഇല്ലാത്ത നിരാലംബരായ പ്രായമുള്ളവരേയും, മാനസിക വെല്ലുവിളി നേരിടുന്നവരെയും സംരക്ഷിക്കുന്നവയാണ്.മൂകാംബിക കാരുണ്യ യാത്ര  കൂട്ടായ്മയും തൊഴിലാളികളും ചേർന്നാണ് ഈ സ്ഥാപനങ്ങൾക്ക് തുക കൈമാറിയത്.

No comments