മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്ന നിലയിൽ അപകട ഭീഷണിയുമായി തകർന്ന സ്ലാബുകൾ
ഭീമനടി : ആശുപത്രിയിലേക്കുള്ള വഴി രോഗികൾക്ക് ഭീഷണിയാകുന്നു. മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള വഴിയാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇവിടേക്കുള്ള വഴി തടസ്സപ്പെട്ടിട്ട് മാസങ്ങളായിട്ടും ഒന്ന് തിരിഞ്ഞു നോക്കാൻ പഞ്ചായത്ത് അധികൃതർ കൂട്ടാക്കുന്നില്ല. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള ഐസിഡിപി സബ്ബ് സെൻ്ററിൻ്റെ മുൻവശത്തുകൂടിയാണ് ആശുപത്രിയിലേക്കുള്ള റോഡ്. ആ വഴിയുടെ ഒത്ത നടുക്കാണ് ഐസിഡിപി സെൻ്ററിൻ്റെ കക്കൂസ് ടാങ്ക് ഉള്ളത്. കക്കൂസ് ടാങ്കിൻ്റെ സ്ലാബ്ബ് ഒരു ഭാഗം പൊട്ടിയതിനാൽ അതുവഴി വാഹനങ്ങള്‍ കടന്നു പോകാനും രോഗികൾക്ക് നടന്ന് പോകാനും കഴിയാത്ത സ്ഥിതിയാണ്. ദിവസേന നൂറിലധികം ആളുകളാണ് ആശുപത്രിയിൽ എത്തുന്നത്. ഇതിൽ നടക്കാന്‍ പ്രയാസമുള്ളവരും പ്രായമായവരും എല്ലാം പിഡബ്ല്യുഡി റോഡിൽ നിന്ന് ആശുപത്രിയിലെത്താൻ വഴിയില്ലാതെ ദുരിതം പേറുകയാണ്. ഏതാണ്ട് 30 മീറ്റർ ദൂരമാണ് പൊതുനിരത്തിൽ നിന്ന് ആശുപത്രിയിലേക്ക് ഉള്ളത്. റോഡിന്റെ ഈ തകര്‍ന്ന ഭാഗം നന്നാക്കി യാത്രാ സൗകര്യം ഒരുക്കണമെന്ന് നാട്ടുകാരും ആശുപത്രി അധികൃതരും പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. അടിയന്തിരമായ് ഈ വിഷയം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് സിപിഐ എം മൗക്കോട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ലോക്കൽ സെക്രട്ടറി പി വി അനു ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
No comments