Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട്‌ റെയിൽവേ ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി സന്ദർശിച്ചു


നീലേശ്വരം : നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ തയ്യാറായി വരുന്നു. നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തോട് ചേർന്ന്, ടിക്കറ്റ് കൗണ്ടർ ഉൾപ്പടെ പുതിയ കെട്ടിടം നിർമിക്കും. കഴിഞ്ഞ ദിവസം നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനെത്തിയ പാലക്കാട്‌ റെയിൽവേ ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി അറിയിച്ചതാണ് ഇക്കാര്യം.
നീലേശ്വരം റെയിൽവേ ഡെവലപ്പ്മെന്റ് കലക്ടീവ് സമർപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങൾ റെയിൽവേ ബോർഡിന്റെ അന്തിമ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും, അനുമതി ലഭിക്കുന്ന മുറക്ക് ടെൻഡറിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഡിവിഷണൽ മാനേജർ വിലയിരുത്തി. കൂടുതൽ ട്രെയിന്‌ സ്റ്റോപ്പും ഗ്രൂപ്പ്‌ ബുക്കിങും വന്നശേഷം സ്റ്റേഷന്റെ ദിവസ വരുമാനം രണ്ടര ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിൽ ഉയർന്നിട്ടുണ്ട്.
ഡോ. വി സുരേശൻ, കെ എം ഗോപാലകൃഷ്ണൻ, എൻ സദാശിവൻ, സി എം സുരേഷ് കുമാർ, കെ ബാബുരാജ്, എം ബാലകൃഷ്ണൻ, പി ടി രാജേഷ്, പി യു ചന്ദ്രശേഖരൻ, ചീഫ് സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ് നായക്, കൊമേഴ്‌സ്യൽ സൂപ്പർവൈസർ രാജീവ്‌ നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഡിവിഷനൽ മാനേജരെയും സംഘത്തെയും സ്വീകരിച്ചു.

ഇനിയും ആവശ്യങ്ങൾ ഏറെ

പ്ലാറ്റ്ഫോമുകളിലെ ഇരുമ്പ് ഇരിപ്പിടങ്ങൾ ഇരിക്കാൻ പറ്റാത്ത രീതിയിൽ തുരുമ്പെടുത്തു. രണ്ടാം പ്ലാറ്റ്ഥോമിലെ ശുചി മുറിയിൽ കയറാൻ പറ്റാത്ത അത്ര വൃത്തിഹീനമാണ്. ഒന്നാം പ്ലാറ്റ്ഫോമിലെ ശുചി മുറികൾ മിക്കവാറും അടഞ്ഞുതന്നെയാണ്.
ചെന്നൈ മെയിലിനും പ്രതിവാര ട്രെയിനും സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യം ഏറെ നാളായി അവഗണിക്കുകയാണ്. ഏക്കറുകണക്കിന് സ്ഥലം റെയിൽവെയുടെ കൈവശമുണ്ടെങ്കിലും മുഴുവനും കാടുപിടിച്ചും മാലിന്യം തള്ളിയും പരിസരത്തെ ജനങ്ങൾക്ക് ഭീഷണിയാകുന്നു.

സ്‌റ്റേഷനിൽ വരുന്ന പുതിയ പദ്ധതികൾ

ആധുനിക രീതിയിലുള്ള ടിക്കറ്റ് കൗണ്ടറോട്‌ കൂടി പുതിയ കെട്ടിടം.
ഗാന്ധി പ്രതിമക്ക് താഴെയുള്ള ഭാഗം വാഹന പാർക്കിങ്ങിന് സജ്ജമാക്കും.
കിഴക്ക് ഭാഗത്ത് പ്രത്യേക പ്രവേശന കവാടവും, വാഹന പാർക്കിങ് സൗകര്യവും
ഒന്നാം പ്ലാറ്റ്ഫോമിന്റെ വീതി നിലവിലുള്ള ബേലൈൻ വരെ കൂട്ടും.
ഒന്നും രണ്ടും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടും.
പ്ലാറ്റ്ഫോമിൽ കൂടുതൽ മേൽക്കൂരകൾ, ഡിജിറ്റൽ ഡിസ്‌പ്ല ബോർഡുകൾ എന്നിവ സ്ഥാപിക്കും.


No comments