Breaking News

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടായ സ്ഥലം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു


നീലേശ്വരം : തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും നിർധന കുടുംബത്തിൽ പെട്ടവർ. നിലവിൽ 12 ആശുപത്രിയിലായി 95 പേരാണ്‌ ചികിത്സയിലുള്ളത്‌. ഇതിൽ കോഴിക്കോട്‌ മിംസിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇവിടെ നാലുപേർ വെന്റിലേറ്ററിലാണ്‌. കണ്ണൂർ മിംസിലുള്ള ഒരാളടക്കം മൊത്തം അഞ്ചുപേരാണ്‌ വെന്റിലേറ്ററിൽ. 27 പേർ ഐസിയു ചികിത്സയിൽ തുടരുകയാണ്‌. ആശുപത്രികളിൽ ബില്ല്‌ സർക്കാർ ഏറ്റെടുക്കും എന്നത്‌ ഇവർക്ക്‌ ആശ്വാസമായിട്ടുണ്ട്‌. തുടർ ചികിത്സാചെലവും പൊള്ളലിന്റെ ദുരിതവുമാണ്‌ ഇനി കുടുംബങ്ങളെ കാത്തിരിക്കുന്നത്‌.

ക്ഷേത്രകമ്മിറ്റിയും 
ചെലവ്‌ വഹിക്കണം
പരിക്കേറ്റവരിൽ ഓട്ടോ തൊഴിലാളികളും ബാർബർ ഷോപ്പിൽ ജോലിക്ക് നിൽക്കുന്നവരും മീൻ വിൽപനക്കാരും നെയ്‌ത്തുകാരും അടക്കമുള്ളവരുണ്ട്‌. കുടുംബത്തിന്റെ അത്താണികളാണ് ഇവരിൽ അധികം പേരും. അതിഗുരുതരാവസ്ഥയിൽ കഴിയുന്ന കിനാനൂരിലെ സന്ദീപ് ഓട്ടോ തൊഴിലാളിയാണ്. നേരത്തെ ബസ് കണ്ടക്ടറായിരുന്നു. ചോയ്യങ്കോട് സ്റ്റാൻഡിലെ തൊഴിലാളിയായ സന്ദീപ് തെയ്യങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് വീരർകാവിലെ കളിയാട്ടത്തിനെത്തിയത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന മഞ്ഞളംകാട്ടെ ബിജുവും ഓട്ടോ ഓടിച്ചാണ് കഴിയുന്നത്. നേരത്തെ ട്രാവലർ വാടകക്കെടുത്ത് ഓടിച്ചിരുന്ന ബിജു കൊല്ലാമ്പാറ ഓട്ടോസ്റ്റാൻഡിലെ തൊഴിലാളിയാണ്.
ഗുരുതരമായി പരിക്കേറ്റ രതീഷ് ചോയ്യങ്കോട്ടെ ബാർബർ ഷോപ്പിൽ തൊഴിലാളിയാണ്. കോഴിക്കോട്‌ ആസ്റ്റർ മിംസ് ആശുപത്രിയിൽ കഴിയുന്ന പയ്യങ്കുളത്തെ സന്തോഷ് പണിക്കർ തെയ്യകോലധാരിയും ഓട്ടോ തൊഴിലാളിയുമാണ്. കൊല്ലമ്പാറ ഓട്ടോ സ്റ്റാൻഡിൽ നിന്ന് കളിയാട്ടം കാണുന്നതിനായി ആളുകളുമായി എത്തിയതായിരുന്നു ഈ യുവാവ്.
സർക്കാർ ചികിത്സാ ചെലവുകൾ ഏറ്റെടുത്തതോടെ വലിയൊരു ആശ്വാസത്തിലാണ് ഇവരുടെ കുടുംബം. എന്നാൽ ക്ഷേത്ര ഭാരവാഹികളും, നടത്തിപ്പുകാരും കാണിച്ച മാപ്പർഹിക്കാത്ത തെറ്റിന്റെ ഫലമായി ഇവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായി. അന്നന്നത്തെ അന്നത്തിനായി അധ്വാനിക്കുന്ന ഇവരുടെ ജീവിതം തിരിച്ചുപിടിക്കാൻ ക്ഷേത്ര കമ്മറ്റിയും മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.

മുന്നറിയിപ്പ്‌ അവഗണിച്ചത്‌ 
ദുരന്തമായി
ഉറഞ്ഞാടിക്കഴിഞ്ഞാൽ വില്ലുകൊണ്ടും പരിച കൊണ്ടും അടിക്കുന്ന ഉഗ്രമൂർത്തിയാണ് മൂവാളംകുഴി ചാമുണ്ഡി. തെയ്യത്തിന്റെ ചുറ്റിലും ആർത്തുവിളിക്കുന്ന കാഴ്‌ചക്കാരുമായി ഏറ്റുമുട്ടിയാണ് ഈ തെയ്യത്തിന്റെ കലാശം. തട്ട് കിട്ടാതിരിക്കാനും ബഹളത്തിൽ പെടാതിരിക്കാനുമായി അരികിൽ മാറി നിന്നവരെയാണ് തീ വിഴുങ്ങിയത്.
സ്ത്രീകളുൾപ്പെടെ കാണികൾ പല തവണ അരുതെന്ന്‌ ആവശ്യപ്പെട്ടിട്ടും, പടക്കം പൊട്ടിച്ച രാജേഷ് ക്ഷേത്രസമീപത്തു തന്നെ തീ കൊളുത്തി. ഈ സമയത്ത്‌ ഇയാൾ മദ്യപിച്ചിരുന്നതായി ആക്ഷേപമുണ്ട്‌.

സഹായത്തിലെ അവ്യക്തത 
പരിഹരിക്കും: മന്ത്രി
നീലേശ്വരം
വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവർക്കുള്ള ചികിത്സ ധനസഹായം നൽകുന്നതിലെ അവ്യക്തതയെ കുറിച്ച് മുഖ്യമന്ത്രിയെ ധരിപ്പിച്ച് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചികിത്സാസഹായം നൽകുന്ന ആശുപത്രികളുടെ ലിസ്റ്റിൽ നിന്നും ഒരു ആശുപത്രി വിട്ടുപോയിട്ടുണ്ടെന്നും കർണാടകത്തിലെ സ്വകാര്യ ആശുപത്രികൾ രോഗികളുടെ ബന്ധുക്കളോട് പണം അടക്കാൻ ആവശ്യപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടതായും മന്ത്രി പറഞ്ഞു.

No comments