ഒഴിവായത് വൻദുരന്തം ; പെരിയ കേന്ദ്ര സർവകലാശാലയിൽ വിഷവാതകം ചോർന്നു
പെരിയ : പെരിയ കേന്ദ്ര സർവകലാശാലയിലെ ജലശുദ്ധീകരണ പ്ലാന്റിലുള്ള സിലിൻഡറിൽനിന്ന് ക്ലോറിൻ ചോർന്നു. തിങ്കൾ രാവിലെ 7.30നാണ് സംഭവം. ജീവനക്കാർ മാത്രമാണ് ഈ സമയത്ത് സർവകലാശാലയിലുണ്ടായിരുന്നത്. കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിൽ നിന്നും ജീവനക്കാരെത്തി ചോർച്ച അടച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
സർവകലാശാല ജീവനക്കാരെ സ്ഥലത്തുനിന്നും മാറ്റി മുക്കാൽ മണിക്കൂർ നേരത്തെ പരിശ്രമത്തിലാണ് ക്ലോറിൻ ചോർച്ച അടച്ചത്. ചോർച്ച പെട്ടെന്ന് ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ചോർച്ച അടച്ചെങ്കിലും ഈ സിലിൻഡർ ഇനി ഉപയോഗിക്കാൻ സാധിക്കില്ല. പുതിയ സിലിണ്ടർ സ്ഥാപിച്ചാൽ മാത്രമേ പ്ലാന്റ് പ്രവർത്തിപ്പിക്കാനാകൂ.
അശ്രദ്ധ വിനയായി
കേന്ദ്രസർവകലാശാല അധികൃതരുടെ അശ്രദ്ധയാണ് പ്ലാന്റിൽ ചോർച്ചയുണ്ടാകാൻ കാരണമെന്ന ആക്ഷേപം ഉയർന്നു. പ്ലാന്റിൽ വേണ്ടത്ര സുക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പ്ലാന്റിൽ ചോർച്ചയടക്കം ഉണ്ടാകുന്ന അപകടാവസ്ഥ മറികടക്കാൻ കൃത്യമായ പരിശോധന നടക്കുന്നില്ലെന്നും പരാതിയുണ്ട്. പെരിയ മൂന്നാംകടവിൽനിന്നും എത്തിക്കുന്ന പുഴവെള്ളം ശുദ്ധീകരിച്ചാണ് സർവകലാശാലയിൽ ഉപയോഗിക്കുന്നത്.
ശ്വാസം മുട്ടിക്കും
സാധാരണ ഇളം പച്ച നിറത്തിൽ കാണുന്ന വാതകമാണ് ക്ലോറിൻ. ശ്വാസം മുട്ടിക്കുന്ന ഇത് ഒരു വിഷവാതകമാണ്. ശക്തിയേറിയ ഓക്സീകാരിയായതിനാൽ ബ്ലീച്ചിങ്ങിനും ജലശുദ്ധീകരണത്തിനും ഉപയോഗിക്കും. സാന്ദ്രത വായുവിനെക്കാൾ 2.5 മടങ്ങാണ്. കറിയുപ്പിലെ ഘടകം എന്ന നിലയിൽ മനുഷ്യന് ചിരപരിചിതമായ ഒന്നുമാണിത്.
No comments