Breaking News

വില്ലേജ് അദാലത്തിൽ കാസർകോട് കളക്‌ടർക്ക് ലഭിച്ചത് 3,664 പരാതികൾ വെള്ളരിക്കുണ്ട് താലൂക്കിൽ നിന്നും 651 പരാതികളും


കാസര്‍ഗോഡ്: ജില്ലയിലെ വില്ലേജുകളില്‍ ജില്ലാ കളക്‌ടര്‍ കെ. ഇമ്ബശേഖര്‍ നടത്തിയ വില്ലേജ് അദാലത്തുകള്‍ പൂര്‍ത്തിയായി.

രണ്ടു ഘട്ടങ്ങളിലായി ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും ജില്ലാ കളക്‌ടര്‍ അദാലത്ത് നടത്തി പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതികള്‍ സ്വീകരിച്ചു. 129 വില്ലേജുകളില്‍ നിന്നായി 3,664 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. മഞ്ചേശ്വരം താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നിന്നുമായി 1075 പരാതികളും കാസര്‍ഗോഡ് താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നിന്നും 373 പരാതികളും ഹൊസ്ദുര്‍ഗ് താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നിന്നും 1565 പരാതികളും വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നിന്നും 651 പരാതികളും ലഭിച്ചു.

ലഭിച്ച പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അദാലത്തുകളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങളില്‍ സമയ ബന്ധിതമായി കൃത്യമായ ഇടപെടല്‍ നടതതുമെന്ന് ജില്ലാ കളക്‌ടര്‍ കെ. ഇമ്ബശേഖര്‍ പറഞ്ഞു. 129 വില്ലേജുകളില്‍ നിന്നായി 3455 പരാതികളാണ് വില്ലേജ് അദാലത്തില്‍ ലഭിച്ചത്.

അദാലത്തില്‍ പ്രധാനമായും ഭൂപ്രശ്നങ്ങളാണ് ഉയര്‍ന്നുവന്നത്. പരാതികളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങളില്‍ അധികവും റീസര്‍വേയുമായി ബന്ധപ്പട്ടവയാണ്. റീസര്‍വേ നടത്തിയപ്പോള്‍ ഭൂവിസ്തൃതിയിലെ വ്യത്യാസവും സര്‍വേ നമ്ബര്‍ മാറിയതും കാരണം കരം അടയ്ക്കാന്‍ സാധിക്കാത്തവരുടെ നിരവധി പരാതി ലഭിച്ചു. ഇത്തരം പ്രശ്നങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് കളക്‌ടര്‍ പറഞ്ഞു.


മടിക്കൈ, പുതുക്കൈ, ചിത്താരി വില്ലേജുകളില്‍ ഈ പ്രശ്‌നം കൂടുതലാണ്. പുഴ പുറമ്ബോക്കുകളില്‍ താമസിക്കുന്നവരുടെ ഭൂപ്രശ്നങ്ങളും അദാലത്തുകളില്‍ കണ്ടെത്തി. തുരുത്തി,വലിയപറമ്ബ, പടന്ന വില്ലേജുകളിലാണ് ഇത്തരം വിഷയങ്ങള്‍ കണ്ടെത്തിയത്. മിച്ചഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതലായി വന്നത് വെള്ളരിക്കുണ്ട് താലൂക്കിലാണ്. പ്ലന്‍റേഷന്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട ഭൂമി പരാതികളും അദാലത്തില്‍ ലഭിച്ചു. പട്ടയം കാണാത്തതുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചിട്ടുണ്ട്. അദാലത്തില്‍ മനസിലാക്കിയ പ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും. എല്ലാ മാസവും ചേരുന്ന പട്ടയമിഷന്‍ യോഗങ്ങളില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.


ഡിജിറ്റല്‍ സര്‍വേ ഫലപ്രദമായി ഉപയോഗിച്ച്‌ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കും. രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നത് മടിക്കൈ, പുല്ലൂര്‍ പെരിയ, മാലോം വില്ലേജുകളില്‍ സര്‍ക്കാര്‍ ഭൂമിയും പട്ടയ സംബന്ധമായ പ്രശ്‌നങ്ങളും കൂടുതലാണ്. മൂന്നാം ഘട്ടത്തിലും പ്രശ്‌നങ്ങള്‍ കൂടുതലുള്ള വില്ലേജ് ഓഫീസുകള്‍ കണ്ടെത്തി ഡിജിറ്റല്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.


ലൈഫ് മിഷന്‍ വീടുകള്‍ കിട്ടാത്ത പ്രശ്‌നങ്ങള്‍, മുന്‍ഗണനാ കാര്‍ഡ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളും അദാലത്തിലെത്തി. അദാലത്തില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമയബന്ധിതമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments