ആലംപാടി സ്കൂളിലെ ഭക്ഷ്യവിഷബാധ ; 62 വിദ്യാർഥികളിൽ 59 പേരും ആസ്പത്രി വിട്ടു
ചെർക്കള : ആലംപാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് വിവിധ ആസ്പത്രികളിൽ പ്രവേശിക്കപ്പെട്ട 62 കുട്ടികളിൽ 59 പേരും ആസ്പത്രി വിട്ടു. കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ മൂന്നുപേർ മാത്രമാണ് ചികിത്സയിൽ തുടരുന്നത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ശക്തമായ ഛർദിയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടികൾ ആസ്പത്രികളിൽ എത്തിത്തുടങ്ങിയത്. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായാണ് കുട്ടികൾ ആസ്പത്രി വിട്ടത്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതർ രാവിലെ സ്കൂളിലെത്തി വിശദമായ പരിശോധന നടത്തി. മുളിയാർ സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ, ചെങ്കള പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. എം.ജയന്തി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരാണ് പരിശോധന നടത്തിയത്.
കാസർകോട് ജനറൽ ആസ്പത്രി, വിദ്യാനഗർ ചൈത്ര മെഡിക്കൽ സെന്റർ, ചെങ്കള സഹകരണ ആസ്പത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയ കുട്ടികളെയും രക്ഷിതാക്കളെയും ഡോക്ടർമാരെയും കണ്ടശേഷമാണ് അന്വേഷണസംഘം സ്കൂളിലെത്തിയത്.
ഭക്ഷ്യസുരക്ഷാവകുപ്പ്-ആരോഗ്യവകുപ്പ് ജീവനക്കാരും പോലീസും സ്കൂൾ പി.ടി.എ. പ്രസിഡന്റ് സി.എ. അബ്ദുൾ റഹ്‌മാൻ, പ്രഥമാധ്യാപിക സിജി മാത്യു, പാചകത്തൊഴിലാളികൾ, രക്ഷിതാക്കൾ തുടങ്ങിയവരിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു.വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് വെള്ളിയാഴ്ച വൈകിട്ട് സമർപ്പിച്ചതായി മെഡിക്കൽ ഓഫീസർ ഡോ. എം.ജയന്തി പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്താനും അടിയന്തര ഇടപെടൽ ആസൂത്രണം ചെയ്യാനുമായി ജില്ലാതല റാപ്പിഡ് റെസ്പോൺസ് ടീം( ആർ.ആർ.ടി.) യോഗവും ഓൺലൈനായി ചേർന്നിരുന്നു.
ശനിയാഴ്ച രാവിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പരിശോധനാറിപ്പോർട്ട് അവലോകനം ചെയ്യും. സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് ഡി.എം.ഒ. എ.വി.രാംദാസ് പറഞ്ഞു.
750 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പാൽ കഴിച്ച 570 കുട്ടികളിൽ നഴ്‌സറി ക്ലാസ് മുതൽ ഏഴാംതരം വരെയുള്ള 60 പേർക്കാണ് ഛർദിയും വയറുവേദനയുമുണ്ടായത്. രുചിവ്യത്യാസത്തെത്തുടർന്ന് ചില കുട്ടികൾ പാൽ കഴിച്ചിരുന്നില്ല. പുളിരസം ഉണ്ടായിരുന്നതായി ചില അധ്യാപികമാരും പറയുന്നുണ്ട്.
പാടിയിലെ സഹകരണ സംഘത്തിൽനിന്ന് രാവിലെ ഒൻപതിന് കൊണ്ടുവന്ന പാൽ തിളപ്പിച്ച് ഉച്ചകഴിഞ്ഞാണ് കുട്ടികൾക്ക് നൽകിയിരുന്നതെന്ന് സ്കൂൾ പി.ടി.എ. പ്രസിഡന്റ് സി.എ.അബ്ദുൾ റഹ്‌മാൻ പറഞ്ഞു.
No comments