വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക സി ഓ പി ഡി ദിനാചരണം ജില്ലാതല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ലോക സി ഓ പി ഡി ദിനാചരണം ജില്ലാതല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചു സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിർവഹിച്ചു.ബളാൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു. ജില്ലാ ടി ബി ഓഫീസർ ഡോ. ആരതി രഞ്ജിത് ദിനാചരണ സന്ദേശം നൽകി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി, മെമ്പർ രേഖ സി, ബളാൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൾ ഖാദർ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പ്രശാന്ത് എൻ പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡീയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, സ്വാഗതവും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സി ഓ പി ഡി ക്ലിനിക് ഉദ്ഘാടനം ചെയ്തു.
സി.ഒ.പി.ഡി. പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി നടപ്പിലാക്കുന്ന 'ശ്വാസ്' പ്രോഗ്രാം പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട്, കൊന്നക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പരീശീലനം സംഘടിപ്പിച്ചു.
ബോധവൽക്കരണ സെമിനാറിൽ സി ഓ പി ഡി ബാധിച്ചു ചികിത്സയിലുള്ള രോഗികൾ പങ്കെടുത്തു. വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറും പൾമണോളജിസ്റ്റുമായ ഡോ. ഷിനിൽ വി ക്ലാസ് കൈകാര്യം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. പുകവലി , മലിനമായ വായു ,പുകപടലം , രാസ പദാർത്ഥങ്ങൾ എന്നിവയുടെ തുടർച്ചയായ സമ്പർക്കമാണ് രോഗത്തിന് കാരണമാകുന്നത്. വിട്ടുമാറാത്തതും കാലക്രമേണ വർദ്ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫക്കെട്ട്, ചുമ എന്നിവ രോഗത്തിന്റെ പ്രധാന ലക്ഷങ്ങളാണ്. “ശ്വാസകോശത്തിന്റെ പ്രവർത്തന ക്ഷമത മനസ്സിലാക്കൂ.. ശ്വാസകോശാരോഗ്യം സംരക്ഷിക്കൂ ”. എന്നതാണ് ഇത്തവണത്തെ ലോക സി.ഒ.പി.ഡി. ദിന സന്ദേശം.
സി.ഒ.പി.ഡി.യെ (Chronic Obstructive Pulmonary Disease) ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഈ രോഗത്തിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഊര്‍ജ്ജസ്വലരായിരിക്കുക, കൃത്യമായി മരുന്ന് കഴിക്കുക, ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായി ഇടവേളകളില്‍ ഡോക്ടറെ കാണുക, പ്രതിരോധകുത്തിവയ്പ്പെടുക്കുക, പുകയും വിഷ വാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കോവിഡ് രോഗസാധ്യത കുറയ്ക്കുക എന്നിവ സി.ഒ.പി.ഡി. രോഗികള്‍ ശ്രദ്ധിക്കണം.
No comments