കുണ്ടംകുഴി കാരക്കാട് കാട്ടുപോത്തിന്റെ അക്രമത്തിൽ 65-കാരിക്ക് പരിക്ക്
കുണ്ടംകുഴി : ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ അക്രമത്തിൽ സ്ത്രീക്ക് പരിക്ക്. കുണ്ടംകുഴി കാരക്കാട് പട്ടികവർഗ ഉന്നതിയിലെ എച്ച്. തുണ്ടിച്ചി(65)ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. നാല് സ്ത്രീകൾ കാരക്കാട് ഗുളികൻ കാവിന് സമീപം വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടുപോത്തിനെ കണ്ടത്. പൊടുന്നനെ തുണ്ടിച്ചിയെ അക്രമിക്കുന്നത് കണ്ട് മറ്റുള്ളവർ ഭയന്നോടി. ഇവർ അറിയിച്ചതനുസരിച്ച് നാട്ടുകാർ എത്തുമ്പോഴേക്കും തുണ്ടിച്ചി നിലത്ത് വീണ് കിടക്കുകയായിരുന്നു. മുഖത്തും കൈക്കും പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ വനപാലകർ തിരച്ചിൽ നടത്തിയപ്പോൾ സമീപത്തെ കുറ്റിക്കാട്ടിൽ കാട്ടുപോത്തിനെ കണ്ടു. വനപാലകരും നാട്ടുകാരും ബഹളംവെച്ച് പോത്തിനെ എതിർദിശയിലേക്ക് ഓടിച്ചു. ഉച്ചയോടെ ലിങ്കത്തോട് വഴി പയസ്വിനി പുഴകടത്തി പോത്തിനെ മുളിയാർ വനമേഖലയിലേക്ക് തുരത്തി. വനംവകുപ്പ് ബന്തടുക്ക സെക്‌ഷൻ ഓഫീസർ എം.പി. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി. രാജേഷ്, സുധീഷ്‌കുമാർ, എൻ. സുധാകര, വാച്ചർമാരായ അഷറഫ്, രഞ്ജിത്ത്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തുരത്തിയത്.
No comments