Breaking News

രഹസ്യവിവരത്തിൽ സ്വകാര്യ റിസോർട്ടിൽ പരിശോധനക്കെത്തി, കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍


ഇടുക്കി: സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകള്‍ വനംവകുപ്പ് പിടിച്ചെടുത്തു. തൊടുപുഴ തെക്കുംഭാഗം തോട്ടുപുറത്ത് വീട്ടില്‍ അനീഷിന്റെ (59) ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍നിന്നാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് വനംവകുപ്പ് അറക്കുളം സെക്ഷൻ അധികൃതരെത്തി ഇവ പിടിച്ചെടുത്തത്.


മ്ലാവിന്റെ തലയോട്ടിയും രണ്ട് കൊമ്പുകളും ഉണ്ടായിരുന്നു. കാട്ടുപോത്തിന്റെ കൊമ്പുകള്‍ തടിയില്‍ പണിത തലയില്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. പഴയൊരു വീട് നവീകരിച്ചാണ് റിസോര്‍ട്ടായി പ്രവര്‍ത്തിച്ചിരുന്നത്. മ്ലാവിന്റെ കൊമ്പുകളും തലയോട്ടിയും റിസോര്‍ട്ടിന്റെ പടിപ്പുരയിലും കാട്ടുപോത്തിന്റെ കൊമ്പുകള്‍ ഹാളിലുമായിരുന്നു സ്ഥാപിച്ചിരുന്നത്. പാരമ്പര്യമായി കൈമാറി വന്നതാണെന്നും കേസുമായി സഹകരിക്കാമെന്നും അനീഷ് മൊഴി നല്‍കിയിട്ടുണ്ട്.

പിടിച്ചെടുത്ത വസ്‍തുക്കള്‍ ചൊവ്വ പകല്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. തൂക്കവും പഴക്കവും നിശ്ചയിക്കാൻ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പരിശോധനയ്‍ക്ക് അയക്കും.

No comments