ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ ഹാക്ക് ചെയ്ത വാട്സാപ് അക്കൗണ്ടുകൾ വീണ്ടെടുക്കാനാകാതെ ഉടമകൾ ; മുന്നറിയിപ്പുമായി കാസർഗോഡ് പോലീസും
പാസ്‌വേഡ് മാറ്റി സുരക്ഷിതമാക്കാനോ ലോഗ് ഔട്ട് ചെയ്ത ശേഷം വീണ്ടും ലോഗിൻ ചെയ്യാനോ സാധിക്കാത്ത വിധം തട്ടിപ്പുകാർ അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തുകയാണു ചെയ്യുന്നത്. സംസ്ഥാനത്തു നൂറുകണക്കിന് ആളുകളുടെ വാട്സാപ് അക്കൗണ്ടുകളാണ് ഇത്തരത്തിൽ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ളത്. തട്ടിപ്പിനിരയായവർ വാട്സാപ്പിനും പരാതി നൽകിയിട്ടും ഏതാനും അക്കൗണ്ടുകൾ മാത്രമാണു വീണ്ടെടുക്കാനായത്. 7 ദിവസം കാത്തിരിക്കാനുള്ള നിർദേശമാണു പരാതി നൽകിയവരിൽ ഭൂരിഭാഗത്തിനും വാട്സാപ് അധികൃതരിൽ നിന്നു ലഭിക്കുന്നത്.
ഇരകളെ കബളിപ്പിച്ച് ഒ.ടി.പി സംഘടിപ്പിച്ച ശേഷം അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കുന്ന തട്ടിപ്പുകാർ മിനിറ്റുകൾക്കുള്ളിൽ വാട്സാപ്പിന്റെ സുരക്ഷാ സംവിധാനങ്ങളിലൊന്നായ 'ടു സ്റ്റേജ് വെരിഫിക്കേഷൻ' ആക്‌ടിവേറ്റ് ചെയ്യുന്നതാണു പ്രതിസന്ധിക്കു കാരണം. തുടർന്ന് ഉടമയ്ക്കു ലഭിക്കേണ്ട ഒ.ടി.പി, സുരക്ഷാ സന്ദേശങ്ങൾ എന്നിവ തട്ടിപ്പുകാരുടെ ഇ- മെയിൽ വിലാസത്തിലേക്കോ മൊബൈൽ നമ്പറിലേക്കോ പോകുന്ന വിധത്തിലും മാറ്റം വരുത്തും.ഇതിനാൽ അക്കൗണ്ട് വീണ്ടെടുക്കാനുള്ള വഴി പൂർണമായി അടയുന്നു. ഒട്ടേറെപ്പേരുടെ വ്യക്തിപരമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ തട്ടിപ്പുകാർ കൈക്കലാക്കിയിട്ടുണ്ട്.പലർക്കും ബ്ലാക്ക്മെയിൽ സന്ദേശങ്ങളും ലഭിക്കുന്നു. ഇതിനൊക്കെ പുറമേ, ഈ അക്കൗണ്ടുകളുടെ കോൺടാക്‌ട് ലിസ്‌റ്റിലുള്ളവരെ തട്ടിപ്പുകാർ വിഡിയോ കോൾ വിളിക്കുന്നതായും പരാതിയുണ്ട്.
ഇത്തരം തട്ടിപ്പുകളെകുറിച്ച് ഏവരും ബോധവാന്മാരയിരിക്കേണ്ടതുണ്ട്. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാൽ ഉടനെ National Cyber Crime Reporting portal ൻ്റെ ടോൾഫ്രീ നമ്പറായ 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ National Cyber Crime Reporting portal ൻ്റെ വെബ്സൈറ്റായ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം.
No comments