ജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ ഉദിനൂരിൽ കൊടിയേറും
ഉദിനൂര്‍: കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഉദിനൂര്‍ ഒരുങ്ങി.26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.12 വേദികളിലായി നടക്കുന്ന കലാമേളയില്‍ 7 സബ് ജില്ലകളിലെ 4400 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.ഉദിനൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഉദിനൂര്‍ സെന്‍ട്രല്‍ എയുപിസ്‌കൂള്‍, കേത്രപാലക ക്ഷേത്ര പരിസരം,തടിയന്‍കൊവ്വല്‍, കിനാത്തില്‍ എന്നിവിടങ്ങളിലാണ് വേദികള്‍.26, 27 തീയതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും 28 മുതല്‍ 30വരെ സ്റ്റേജ് മത്സരങ്ങളും അരങ്ങേറും.ഈ വര്‍ഷം മുതല്‍ 5 ഗോത്ര നൃത്തരൂപങ്ങള്‍ കൂടി( മംഗലം കളി,പണിയനൃത്തം, മലപുലയാട്ടം, പളിയനൃത്തം, ഇരുള നൃത്തം) മത്സരയിനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
28ന് വൈകുന്നേരം നാലിന് സിനിമാ നടന്‍ കെ മധുപാല്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, അധ്യക്ഷയാകും.ജില്ലാ പൊലീസ് മേധാവി ഡോ. ഡി ശില്‍പ മുഖ്യാതിഥിയാകും.30ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും.
മത്സരാര്‍ഥികളെയും കലോത്സവത്തിനെത്തുന്ന മറ്റുള്ളവരെയും സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്.
പൂര്‍ണമായും ഹരിതപ്രോട്ടോക്കോള്‍ പാലിച്ചാണ് കലോത്സവം നടത്തുക.മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഓലക്കൊട്ടകള്‍ നഗരിയില്‍ ഒരുക്കും.കലോത്സവത്തിന്റെ വരവറിയിച്ച് നവംബര്‍ 25 ന് വിളംബര ഘോഷയാത്ര നടക്കും.മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടുകൂടി നടക്കാവില്‍ നിന്ന് ആരംഭിച്ച് സ്‌കൂളില്‍ സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എം രാജഗോപാലന്‍ എംഎല്‍എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ,ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്,ബ്ലോക്ക് പഞ്ചായത്തംഗം എം സുമേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം,പി വി ലീന,സത്യന്‍ മാടക്കാല്‍,കെ സുബൈദ,വി വി സുരേശന്‍, അനുരാഗ്, പി നരേന്ദ്രന്‍,റഷീദ് മൂപ്പന്റകത്ത്, പി വിജിന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
No comments