Breaking News

നാടിനെ നടുക്കി ഐങ്ങോത്തെ വാഹനാപകടം ; കല്ല്യാണ വീട്ടിലേക്കുള്ള യാത്ര കണ്ണീർ യാത്രയായി






കാഞ്ഞങ്ങാട് : ‘ഞങ്ങളെ രക്ഷിക്കണേയെന്നു വാവിട്ടു കരഞ്ഞുകൊണ്ട്‌ കാറിലുണ്ടായിരുന്ന ഒരാൾ എന്റെ കയ്യിൽ പിടിച്ചു. അപ്പോൾ തന്നെ അയാളുടെ ബോധം മറഞ്ഞു’..... ദേശീയപാതയിൽ ഐങ്ങോത്ത് ഞായറാഴ്ച കെഎസ്‌ആർടിസി ബസ്സിടിച്ച് കാർ യാത്രക്കാരായ രണ്ട് കുട്ടികൾ മരിച്ച അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഹോഗാർഡ്‌ കയ്യൂർ മയ്യിലെ ഐ രാഘവൻ പറഞ്ഞതാണിത്. അപകടവിവരമറിഞ്ഞെത്തിയവർ കണ്ടത് ഹൃദയഭേദകമായ കാഴ്ചയാണ്. തകർന്ന കാറിൽ ഒരുകുടുംബം കുടുങ്ങിക്കിടന്ന് ജീവനുവേണ്ടി മല്ലിടുകയായിരുന്നു. നീലശ്വരം കണിച്ചിറ കല്ലായിയിലെ ലത്തീഫിന്റെ മക്കളായ ലഹഖ് സൈനബയും സയിൻ റഹ്മാനുമാണ് അപകടത്തിൽ മരിച്ചത്. ലത്തീഫിന്റെ ഭാര്യയും മറ്റ് മക്കളും സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. ലത്തീഫിന്റെ മകൻ ഫായിസ് അബൂബക്കറാണ് കാറോടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാഞ്ഞങ്ങാട് അ​ഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ കെ സതീഷ്, ഫയർ ആൻഡ്‌ റെസ്ക്യു ഓഫീസർമാരായ കെഎം ഷിജു, ജി എ ഷിബിൻ, ടി വി സുധീഷ്‌കുമാർ, ഡ്രൈവർ പ്രഥ്യുരാജ്, ഹോം​ഗാർഡ് ഐ രാഘവൻ എന്നിവർ ചേർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോ​ഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും രണ്ട് കുട്ടികൾ മരിച്ചിരുന്നു. ലത്തീഫിന്റെ ഭാര്യയും മറ്റ് മക്കളും ​ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.


കല്ല്യാണ വീട്ടിലേക്കുള്ള യാത്ര, കണ്ണീർ യാത്രയായി

നീലേശ്വരം :  രണ്ടുദിവസത്തെ വിനോദയാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ കല്ലായി കുടുംബത്തിന്റെ ആഹ്ലാദത്തിന് അൽപായുസ് മാത്രമേ ഉണ്ടായുള്ളൂ. തങ്ങളോടൊപ്പം ചിരിച്ചും കളിച്ചും ആടിത്തിമർത്ത രണ്ടു പൊന്നോമനകളെ മരണം കവർന്നെടുത്തുവെന്ന വാർത്ത നടുക്കത്തോടെയാണ് കുടുംബം കേട്ടത്. കഴിഞ്ഞ 24 നാണ് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 47 പേരടങ്ങുന്ന കല്ലായി കുടുംബാംഗങ്ങൾ ഊട്ടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോയത്. എട്ടുവർഷത്തിനുശേഷം ജപ്പാനിൽനിന്നും നാട്ടിലെത്തിയ മരണപ്പെട്ട കുട്ടികളുടെ ഉപ്പ ലത്തീഫിന്റെ മുത്ത സഹോദരൻ റഷീദിന്റെ നേതൃത്വത്തിലായിരുന്നു വിനോദയാത്ര. 26ന് പുലർച്ചെ നാട്ടിൽ തിരിച്ചെത്തി. പിറ്റേദിവസം യാത്രാനുഭവങ്ങൾ പങ്കുവെക്കാനാണ് ഫാത്തിമത്ത് സുഹറാബിയും മക്കളും മേൽപ്പറമ്പിലെ സ്വന്തം വീട്ടിലേക്ക് പോയത്. ഞായറാഴ്ച നീലേശ്വരം മന്നംപുറത്ത് നടന്ന ബന്ധുവിന്റെ കല്യാണച്ചടങ്ങിൽ പങ്കെടുക്കാനാണ് സ്വന്തം വീട്ടിൽനിന്നും സുഹറയും മക്കളും നീലേശ്വരത്തേക്ക് പുറപ്പെട്ടത്. എന്നാൽ കല്യാണ വീടിനെയും കണ്ണീരിലാക്കി ഇവർ സഞ്ചരിച്ച കാർ ഐങ്ങോത്ത്‌ അപകടത്തിൽപ്പെടുകയായിരുന്നു.









No comments