Breaking News

പരപ്പ ബ്ലോക്ക് ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാമിന് പുരസ്കാരമായി മൂന്നരക്കോടി രൂപ നീതി ആയോഗ് അനുവദിച്ചു...വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനത്തിന്റെ വിജയം: ജില്ലാ കളക്ടർ

പരപ്പ : ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാം കാര്യക്ഷമമായി മികച്ച ആസൂത്രണത്തോടെ നടത്തിയതിന് പുരസ്കാരമായി  മൂന്നര കോടി രൂപ നീതി ആയോഗ് അനുവദിച്ചു. 

2023 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആസ്പിറേഷൻ ബ്ലോക്കിനുള്ള പുരസ്കാരം ലഭിച്ചതിന് ഒന്നരക്കോടി രൂപയും ഈ വർഷം രാജ്യത്താകെ മികച്ച ആസ്പിറേഷനാൽ ബ്ലോക്കിനുള്ള രണ്ടാം സ്ഥാനം നേടിയതിന് രണ്ട് കോടി രൂപയുമാണ് പരപ്പ ബ്ലോക്കിന് പുരസ്കാരമായി ലഭിക്കുന്നത് . നീതിആയോഗ്  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി വി ആർ സുബ്രഹ്മണ്യം,  അറിയിച്ചതാണിത്. പരപ്പ ആസ്പിരേഷൻ ബ്ലോക്കിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ പ്രൊപ്പോസൽ സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനത്തിന്റെ വിജയം: ജില്ലാ കളക്ടർ 

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരപ്പ ബ്ലോക്ക് പരിധിയിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ പിന്തുണയോടെ സമയബന്ധിതമായി പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കൂടുതൽ വികസന ക്ഷേമ പദ്ധതികൾ എത്തിക്കുന്നതിന് ഈ പുരസ്കാരം സഹായകമാകുമെന്ന് കളക്ടർ വ്യക്തമാക്കി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ബ്ലോക്ക് പരിധിയിലെ കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി , ഈസ്റ്റ് എളേരി ,പനത്തടി, കള്ളാർ, ബളാൽ, കോടോം ബേളൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ ഭരണസമിതി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണിതെന്ന് കളക്ടർ പറഞ്ഞു.കൃത്യമായ ആസൂത്രണത്തോടെ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കിയാൽ അത് ലക്ഷ്യത്തിൽ എത്തുമെന്ന്  കളക്ടർ പറഞ്ഞു

No comments