Breaking News

പരപ്പയിൽ വഴിയോരത്തെ കാടും മുൾപ്പടർപ്പുകളും വെട്ടി വൃത്തിയാക്കി പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം

പരപ്പ അയ്യപ്പ ഭജന മഠം മുതൽ പെട്രോൾ പമ്പ് വരെ റോഡിന് ഇരുവശത്തും പടർന്ന് പന്തലിച്ച കാടും  മുൾപ്പടർപ്പുകളും പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ വെട്ടി വൃത്തിയാക്കി. കാടും മുൾപ്പടർപ്പുകളും റോഡിലേക്ക് പടർന്നുകയറി   വാഹനയാത്രയ്ക്കും വിദ്യാർത്ഥികളുൾപ്പെടെ പൊതുജനത്തിനും കാൽനടയാത്രയ്ക്ക് ദുഷ്കരമായ സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതിനടുത്ത് തന്നെയാണ് പ്രീമെട്രിക് ഹോസ്റ്റലും സ്ഥിതിചെയ്യുന്നത്. ഈയടുത്തു പെയ്ത ശക്തമായ മഴയിൽ റോഡിലേക്ക് മണ്ണൊലിച്ച് വന്ന് വാഹന യാത്രക്ക് ഭീഷണിയാകുന്ന രീതിയിൽ പെട്രോൾ പമ്പിനു സമീപം മൺകൂന രൂപപ്പെട്ടതും പ്രവർത്തകർ വൃത്തിയാക്കി. തുടർന്ന് കാട് വെട്ടിത്തെളിച്ച സ്ഥലങ്ങളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും അവിടെ നിന്ന് നിർമാർജനം ചെയ്തു.

ഒരാഴ്ചയ്ക്കകം പരപ്പ അയ്യപ്പ ഭജനമഠത്തിൽ ആഴിപൂജ മഹോത്സവം  നടക്കുന്നതിനാൽ ഘോഷയാത്രയ്ക്കും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യപ്രദമായ രീതിയിൽ റോഡിന് ഇരുവശത്തും പരമാവധി വീതി ലഭിക്കുന്ന രീതിയിലാണ് കാട് വെട്ടിതെളിച്ചിരിക്കുന്നത്. ഫോറം ഭാരവാഹികളായ പ്രശാന്ത് പരപ്പ,അശ്വിൻ ഭാസ്കർ,സിജോ പി ജോസഫ്, അബ്ദുൽ റഷീദ്, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, ശരത് ചന്ദ്രൻ, ചന്ദ്രൻ കളിങ്ങോൻ,ജയേഷ്, സാമദേവ്, തനേഷ്, ശ്രീരാജ് , അരുൺ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

No comments