Breaking News

ദാഹമകറ്റാൻ കാട്ടരുവി ഒഴുകും ; പുതുമയാർന്നതും വേറിട്ടതുമായ വഴിയിലൂടെ വനം വകുപ്പിന്റെ ജല സംരക്ഷണ പ്രവർത്തനം 'തെളിനീരൊഴുകട്ടേ, കാടിൻ ഉറവകൾ തെളിയട്ടേ... എന്ന തീം സോങ് വെള്ളരിക്കുണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ പാട്ട് പ്രകാശിപ്പിച്ചു


കാസർകോട് : പുതുമയാർന്നതും വേറിട്ടതുമായ വഴിയിലൂടെ വനം വകുപ്പിന്റെ ജല സംരക്ഷണ പ്രവർത്തനം. കാസർകോട് വനം ഡിവിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും വന സംരക്ഷണ സമിതികളുടെയും സന്നദ്ധ സംഘടനകളുടെയും വനം വകുപ്പ് ജീവനക്കാരുടെയും സഹകരണത്തോടെയാണ് കാടിനകത്തുള്ള കാട്ടരുവികൾ, തടാകങ്ങൾ, ഉറവകൾ, നീർച്ചാലുകൾ എന്നിവ കണ്ടെത്തി പുനരുജ്ജീവിപ്പിക്കുന്നത്. വനനീര് എന്ന പദ്ധതിയിൽ ജലസംരക്ഷണ പ്രവർത്തനങ്ങളും ജൈവ വൈവിധ്യ സംരക്ഷണവും ഉൾപ്പെടുന്നു. കുടിവെള്ളം തേടി നാടിറങ്ങുന്ന വന്യജീവികളെ കാടിനകത്ത് തന്നെ സംരക്ഷിക്കാനും ഇത്തരം പ്രവർത്തനം വഴിവക്കും. ഉൾവനത്തിലും വനാതിർത്തിയോട് ചേർന്നും നൂറിലേറെ ചെക്ക് ഡാമുകൾ നിർമിച്ചു. അരുവിയും കാട്ടുറവയും ശുചീകരിച്ചു. പദ്ധതിക്കായി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യൻ രചിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കണ്ണൻ സി എസ് വാര്യർ സംഗീതം നിർവഹിച്ച 'തെളിനീരൊഴുകട്ടേ, കാടിൻ ഉറവകൾ തെളിയട്ടേ... എന്ന തീം സോങും പുറത്തിറക്കി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷ്റഫാണ് ആലപിച്ചത്. ശ്രീജിത്ത് നീലേശ്വരമാണ് ഓർക്കസ്ട്ര. പടന്നക്കാട് കാർഷിക കോളേജിലെ എ കെ തൃഷ്ണ, വിഷ്ണുപ്രിയ, അനീറ്റ, അമൃത കൃഷ്ണ എന്നിവരാണ് പിന്നണി. ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം ടി ഫർസാന, എം പി അഭിജിത്ത് എന്നിവർ ചിത്രീകരണം നടത്തി. വെള്ളരിക്കുണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ പാട്ട് പ്രകാശിപ്പിച്ചു.

No comments