Breaking News

"പൊതുജന മധ്യത്തിൽ അഞ്ച് ദിവസം ലഹരിക്കെതിരെ പ്ലകാർഡുമായി നിൽക്കണം" മയക്കുമരുന്ന് കേസിൽ റിമാന്റിലായ യുവാവിന് പുതുമയുള്ള ജാമ്യ വ്യവസ്ഥ


കാഞ്ഞങ്ങാട് : എം.ഡി.എം.എ യുമായി പിടിയിലായി റിമാന്റിൽ കഴിയുന്ന പ്രതിക്ക് കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലഹരി മാഫിയ സംഘങ്ങൾക്ക് കടുത്ത താക്കീതായി.

പൊതുജന മധ്യത്തിൽ അഞ്ച് ദിവസം ലഹരിക്കെതിരെ പ്ലകാർഡുമായി നിൽക്കണമെന്ന ജാമ്യ വ്യവസ്ഥയാണ് കോടതി നൽകിയത്. പടന്നക്കാട് കുറുന്തൂർ സർഫ ന മൻസിലിൽ അബ്ദുൾ സ്വാനാണ് (29) കാസർകോട് ജില്ലാ കോടതി ജാമ്യത്തിന് ഉപാധിവെച്ചത്. ജഡ്ജ് സാനു എസ് പണിക്കറാണ് പ്രതിക്ക് ജാമ്യത്തിലിറങ്ങാൻ ശ്രദ്ധേയമായ ഉത്തരവിറക്കിയത്. 2024 മെയ് 18 ന് ഹോസ്ദുർഗ് പോലീസ് 3.06 ഗ്രാം എം.ഡി.എം എ യുമായി സഫാനെ പിടികൂടുകയായിരുന്നു. ഇതിന് ശേഷം പ്രതി എട്ട് മാസത്തോളമായി കണ്ണൂർ സെൻട്രർ ജയിലിൽ റിമാന്റിലാണ്. പ്രതി പല പ്രാവശ്യം ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഒടുവിൽ കഴിഞ്ഞ ദിവസം വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചപ്പോഴാണ് കോടതി ഉപാധിവെച്ചത്.

“നിങ്ങൾ മദ്യവും ലഹരിയും വർജ്ജിക്കുക, ലഹരി വഴി നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ സുഹൃത്തുക്കളെയും കുടുംബത്തെയുമാണ് ' എന്ന് എഴുതിയ പ്ലകാർഡ് പിടിച്ചുവേണം നിൽക്കാനെന്ന് ഉത്തരവിൽ കോടതി പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ നിർദ്ദേശിക്കുന്ന സ്ഥലത്ത് വേണം അഞ്ച് ദിവസവും നിൽക്കാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ പ്ലകാർഡുമായി നിൽക്കണം. ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും പ്രതിക്ക് ജാമ്യ വ്യവസ്ഥയുണ്ട്. പ്രതി പ്ലകാർഡ് പിടി ച്ചു നിൽക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയ ശേഷം റിപ്പോർട്ട് നൽകാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു.

No comments