Breaking News

ലോക്കപ്പിൽ കൂസലില്ലാതെ ഇരട്ട കൊലപാതകി ചെന്താമര; പ്രതിയെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും




പാലക്കാട്: ലോക്കപ്പിൽ കൂസലില്ലാതെ കുറ്റം സമ്മതിച്ച് ചെന്താമര. നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ചെന്താമരയെ ലോക്കപ്പിൽ പാ‍ർപ്പിച്ചിരിക്കുകയാണ്. ലോക്കപ്പിലുള്ള ചെന്താമരയുടെ മൊഴിയെടുക്കുമ്പോഴും കൂസലില്ലാതെയായിരുന്നു പൊലീസിനോടുള്ള പ്രതികരണം. പ്രതിയിൽ നിന്നും പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തി. ചെന്താമരയെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.


ഇതിനിടെ സ്റ്റേഷന് പുറത്ത് പ്രാദേശിക കോൺ​ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ജനങ്ങൾ വീണ്ടും സംഘടിച്ചിരിക്കുകയാണ്. തുടക്കം മുതലുള്ള പൊലീസിൻ്റെ വീഴ്ച ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം ഉയരുന്നത്. നേരത്തെ പ്രദേശത്ത് സംഘ‍ർഷമുണ്ടായെങ്കിലും നെന്മാറ എംഎൽഎ കെ ബാബു സ്ഥലത്തെത്തി ആൾക്കൂട്ടത്തെ സമാധാനിപ്പിച്ച് സംഘർഷാവസ്ഥയ്ക്ക് ശമനം ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശിക കോൺ​ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഒരുവിഭാ​ഗം പ്രതിഷേധവുമായി ഇവിടേയ്ക്ക് എത്തിയത്.

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ നേരത്തെ വീടിനടുത്തുള്ള പാടത്ത് നിന്നാണ് പിടികൂടിയത്. പിന്നാലെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ചെന്താമരയെ നെന്മാറ സ്റ്റേഷനിലേയ്ക്ക് എത്തിക്കുകയായിരുന്നു. വൈകുന്നേരം പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെ പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചിരുന്നു. പിന്നാലെ പരിശോധന കഴിഞ്ഞ പൊലീസ് മടങ്ങും വഴിയാണ് ചെന്താമര പിടിയിലായത്.

No comments