Breaking News

മലയോരത്തോട് കെ എസ് ആർ ടി സിക്ക് അവഗണനയെന്ന് യാത്രക്കാർ ; സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ


കാഞ്ഞങ്ങാട് : കോവിഡിനുശേഷം പലപ്പോഴായി നിർത്തലാക്കിയ സൂപ്പർ ക്ലാസ്, ഓർഡിനറി സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി.എംഎൽഎമാരടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും ഇക്കാര്യം അന്വേഷിച്ചാൽ, ബസില്ല, ജീവനക്കാരില്ല, ടിക്കറ്റ് മെഷീനില്ല എന്നൊക്കെയുള്ള സ്ഥിരം പല്ലവിയാണ് പറയുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്ന് കുടിയേറി പാർത്ത മലയോരത്തെ ജനങ്ങൾക്ക് സൗകര്യപ്രദമായി ഓടിയിരുന്ന ബസുകളിൽ പലതും ഇപ്പോൾ നിലച്ചു. ചിലത് കണ്ണൂർ വരെ ചുരുക്കി. വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന കൊന്നക്കാട്, പാലാ, മുണ്ടക്കയം, പൊൻകുന്നം, കുമളി, പെർള, പുനലൂർ സർവീസുകളാണ് നിർത്തിയത്. ട്രെയിൻ സൗകര്യമില്ലാത്ത മലയോര നിവാസികൾക്ക് ഏറെ ആശ്രയമായിരുന്നു ഈ സർവീസുകൾ. ദേശീയപാതയിൽ ആവശ്യപ്പെടാതെതന്നെ സർവീസുകൾ അനുവദിക്കുന്നതിന് പകരം മലയോര മേഖലയും ദേശീയപാതയും ബന്ധിപ്പിച്ച് സർവീസ് വേണമെന്നാണ് ആവശ്യം.മുമ്പ് ഓടിയിരുന്ന പല ബസുകളും അന്യായമായ വാദം നിരത്തി ഒഴിവാക്കുകയാണ് ഉദ്യോഗസ്ഥർ. വരുമാനം കുറഞ്ഞ ട്രിപ്പുകൾ സമയ ക്രമീകരണം നടത്തി മെച്ചപ്പെടുത്താമെന്നിരിക്കെയാണ് സർവീസ് തന്നെ റദ്ദാക്കുന്നത്. നിർത്തിയ ബസുകൾ മിക്കതും കോവിഡിനുമുമ്പ് വർഷങ്ങളായി ലാഭകരമായി ഓടിയവയാണ്. മലയോരപാതയിലൂടെ ഭീമനടി, ചെറുപുഴ, ഇരിട്ടി റൂട്ടിൽ എത്ര ബസ് സർവീസ് നടത്തിയാലും യാത്രക്കാരുണ്ടാകും.

No comments