Breaking News

മാന്യ അയ്യപ്പ ഭജനമന്ദിരം കൊള്ളയടിച്ച മുഖ്യപ്രതി ബംഗളൂരുവിൽ ബദിയടുക്ക പൊലീസിന്റെ പിടിയിലായി


കാസർകോട് : മാന്യ അയ്യപ്പ ഭജനമന്ദിരം കഴിഞ്ഞ നവംബറിൽ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി ബംഗളൂരുവിൽ ബദിയടുക്ക പൊലീസിന്റെ പിടിയിലായി. ഗൂഡിനേബള്ളി റഫീഖ് എന്ന മുഹമ്മദ് റഫീഖിനെയാണ് പിടിച്ചത്. ഇയാൾ കർണാടകയിൽ ആഡ്യനടുക്ക ബാങ്ക് കവർച്ച അടക്കം അറുപതോളം കളവ് കേസിലെ പ്രതിയാണ്. മാന്യ അയ്യപ്പ ഭജന മന്ദിരിൽ നിന്നും മോഷണം പോയ നാല് കിലോയോളം തൂക്കം വരുന്ന വെള്ളിയിൽ തീർത്ത അയ്യപ്പ വിഗ്രഹം ഇയാൾ ബംഗളൂരുവിലെ കടയിൽ വിറ്റിരുന്നു. കടക്കാരൻ അത് ഉരുക്കി സൂക്ഷിച്ചുവച്ചത് പൊലീസ് കണ്ടെത്തി
കസ്റ്റഡിയിലെടുത്തു. ഇതേ കേസിൽ പ്രതികളായ കർണാടക ഉള്ളാളിലെ മുഹമ്മദ് ഫൈസൽ. ബണ്ട്വാളിലെ സാദത്ത് അലി, കുമ്പള കൊടിയമ്മയിലെ ഇബ്രാഹിം കലന്തർ എന്നിവരെ ബദിയടുക്ക പൊലീസ് ഒരു മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മോഷണം പോയ അയ്യപ്പ വിഗ്രഹത്തിന്റെ 350 ഗ്രാം തൂക്കം വരുന്ന വെള്ളി
കൈപ്പത്തിയും ഭണ്ഡാരത്തിലെ നഷ്ടപ്പെട്ട പണവും മുഹമ്മദ് ഫൈസലിന്റെ ഉള്ളാളിലെ വീട്ടിൽ നിന്ന് പിടിച്ചിരുന്നു. ഇതേ മോഷണ സംഘം തന്നെയാണ് പൊയിനാച്ചി അയ്യപ്പ ഭജനമന്ദിരത്തിലും എടനീർ മഹാവിഷ്ണു ക്ഷേത ഭണ്ഡാരപ്പെട്ടിയും കർണാടക ബണ്ട്വാളിലെ അമ്പലത്തിലും മോഷണം നടത്തിയത്. സ്വന്തം പേരിലുള്ള മൊബൈൽ ഫോൺ ഉപയോഗിക്കാത്ത സംഘം ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും മോഷണം നടത്തിയും കിട്ടുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സംസാരിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം ഡിവൈഎസ്പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ബദിയടുക്ക ഇൻസ്പെക്ടർ കെ സുധീർ, എസ്ഐമാരായ കെ കെ നിഖിൽ, സി എം തോമസ്, പൊലീസുകാരായ പി കെ പ്രസാദ്, മുഹമ്മദ് ആരിഫ്, ശ്രീനേഷ് എന്നിവർ ഉൾപ്പെട്ട സ്ക്വാഡാണ് പ്രതികളെ കുടുക്കിയത്.

No comments