ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചായ്യോം- കാഞ്ഞിരപ്പൊയിൽ റോഡ് പുനർനിർമാണ പ്രവൃത്തി തുടങ്ങി
നീലേശ്വരം : ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചായ്യോം- കാഞ്ഞിരപ്പൊയിൽ റോഡ് പുനർനിർമാണ പ്രവൃത്തി തുടങ്ങി. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസ് കാത്തിരിപ്പ് കേന്ദ്രം മുതൽ കാത്തിരപ്പൊയിൽ മൂന്നുറോഡ് വരെയാണ് ജർമൻ സാങ്കേതിക വിദ്യയായ ഫുൾ ഡെപ്ത് റിക്ളമേഷൻ (എഫ്ഡിആർ) - രീതിയിലാണ് റോഡ് നവീകരിക്കുന്നത്. ജില്ലയിൽ ആദ്യമായാണിത്. നാലുകിലോമീറ്റർ ദൂരത്തിൽ പ്രവൃത്തിക്ക് അടങ്കൽ തുക 321.81 ലക്ഷവും, മെയിന്റൻസ് അടങ്കൽ തുക 28.96 ലക്ഷവുമാണ്. കെ കെ ബിൽഡേഴ്സാണ് കരാർ ഏറ്റെടുത്തത്. നിർമാണം പൂർത്തിയായാൽ അഞ്ചുവർഷം കരാറുകാരൻതന്നെ റോഡ് പരിപാലിക്കണമെന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരിതസൗഹൃദ നിർമാണരീതി, ചിലവുകുറവ് എന്നിവയാണ് ഗുണങ്ങൾ. മറ്റ് റോഡുകളെക്കാൾ കൂടുതൽ കാലം
നിലനിൽക്കുകയും ചെയ്യും. നിലവിലെ റോഡ് യന്ത്രസഹായത്തോടെ പൊളിച്ചു തരികളാക്കി സിമന്റും ചുണ്ണാമ്പുകല്ലും കാൽസ്യം ക്ലോറൈഡ് അടക്കമുള്ള രാസപദാർഥങ്ങളും കലർത്തി മിശ്രിതമാക്കി പുതിയ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതാണ് എഫ്ഡിആർ സാങ്കേതിക വിദ്യ. മെറ്റൽ, രാസപദാർഥങ്ങൾ ചേർത്ത് തയ്യാറാക്കിയ മിശ്രിതം എന്നിവയുടെ നാല് അടുക്കുകളായിട്ടാണ് റോഡ് നിർമിക്കുന്നത്. നിർമാണത്തിനിടെയുള്ള മാലിന്യ പ്രശ്നങ്ങളും ഒഴിവാക്കാം.
No comments