മാതൃകയാണ് മടിക്കൈ കാവുകളും ചെറുവനങ്ങളും പച്ചത്തുരുത്ത് പദ്ധതിയോട് ചേർത്ത് സംരക്ഷിച്ച് മാതൃകാ പ്രവർത്തനം
മടിക്കൈ : കാവുകളും ചെറുവനങ്ങളുമെല്ലാം പച്ചത്തുരുത്ത് പദ്ധതിയോട് ചേർത്ത് സംരക്ഷിച്ച് മാതൃകാ പ്രവർത്തനം നടത്തിയതിനുള്ള അംഗീകാരമാണ് മടിക്കൈ പഞ്ചായത്തിനെ തേടിയെത്തിയത്. മടിക്കൈ കക്കാട്ട് പച്ചത്തുരുത്തിനെയാണ് ജില്ലയിലെ മികച്ച പച്ചത്തുരുത്തായി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്തത്. ജില്ലയിൽ കൂടുതൽ പച്ചത്തുരുത്തുള്ള പഞ്ചായത്താണ് മടിക്കൈ. പഞ്ചായത്തിലെ 15 വാർഡുകളിലായി 165 ഓളം പച്ചത്തുരുത്തുണ്ട്. ഇവയിൽ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ വച്ച് പിടിപ്പിച്ചവയും സ്വാഭാവികമായ ചെറുവനങ്ങളും ഉൾപ്പെടുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാഭാവിക ചെറുവനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നുള്ള ധാരണയുണ്ടാക്കുന്നതിനും അവയ്ക്ക് ആവശ്യമായ സമിതികൾ ഉണ്ടാക്കുന്നതിനും അവ ബോർഡുകൾ വച്ച് പരിപാലിക്കുന്നതിനും പദ്ധതിയിലൂടെ സാധിച്ചു. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി നിയന്ത്രണവിധേയമായി പ്രവേശനമുള്ള പച്ചത്തുരുത്തുകളും ഇവയിലുണ്ട്. ആകെ 3135 സെന്റ് വിസ്തൃതിയിലായി 8177 മരങ്ങൾ വച്ചുപിടിപ്പിച്ചാണ് നേട്ടം
കൈവരിച്ചത്.
വിവിധ ഭാഗങ്ങളിലെ ചെങ്കൽപാറകളെ പച്ചത്തുരുത്താക്കി മാറ്റാൻ കഴിഞ്ഞു. അപൂർവം പച്ചത്തുരുത്തുകളിൽ അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യം കാണാം. അവ നിയന്ത്രിക്കുന്നതിനും കൂടുതൽ ഉണ്ടാകാതിരിക്കുന്നതിനുള്ള പ്രവർത്തനത്തിനും തുടക്കം കുറിച്ചു.എല്ലാ പച്ചത്തുരുത്തുകൾക്കും നമ്പർ നൽകി അവ സംരക്ഷിക്കുന്നതിന് സമിതികളുണ്ടാക്കി പ്രാദേശിക സഹായത്തോടെയുള്ള സംരക്ഷണം ഉറപ്പാക്കിയതാണ് പദ്ധതിയുടെ മറ്റൊരു വിജയം.
ജനങ്ങളിൽ തിരിച്ചറിവുണ്ടാക്കി സംസ്ഥാനത്തുതന്നെ മികച്ച പ്രവർത്തനമാണ് പച്ചത്തുരുത്ത് ഉണ്ടാക്കുന്നതിലും സംരക്ഷിക്കുന്നതാലും പഞ്ചായത്ത് കാണിക്കുന്നത്. ചെങ്കൽ പാറയിൽ വരെ ഹരിതവനം സൃഷ്ടിക്കാൻ സാധിച്ചു. മലപ്പച്ചേരി ഗവ. എൽപി സ്കൂളിലെത് ഇതിൽ എടുത്തുപറയേണ്ടത്. വെറും പാറപ്രദേശത്തുള്ള സ്കൂളിൽ രണ്ട് ഏക്കറിലധികം സ്ഥലം മികച്ച ജൈവ വൈവിധ്യ ഉദ്യാനമായി. മാവ്, പ്ലാവ്, ഇലഞ്ഞി, പേര, ഏഴിലം പാല, നെല്ലി, തുടങ്ങി 350 ൽപരം മരങ്ങൾ പച്ചപ്പുവിരിച്ച് നിൽക്കുന്നു. പച്ചത്തുരുത്തുകളുടെ നിലനിൽപ്പും സംരക്ഷണവും
ജൈവവൈവിധ്യസംരക്ഷണത്തിനും കാലാവസ്ഥ നിയന്ത്രണത്തിനും ജലസംരക്ഷണത്തിനും ഉതകുന്നുവെന്ന തിരിച്ചറിവ് ജനങ്ങളിലുണ്ടാക്കാൻ ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി കാരണമായി.എസ് പ്രീതമടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്
No comments