Breaking News

ചെറുവത്തൂരിൽ നാലുകിലോ വ്യാജ സ്വർണ്ണവുമായി യുവതീയുവാക്കൾ അറസ്റ്റിൽ


കാസർകോട്: നാലുകിലോ വ്യാജ സ്വർണ്ണവുമായി യുവതീയുവാക്കൾ അറസ്റ്റിൽ. കർണ്ണാടക, മാണ്ട്യ, സാഗർ ശ്രീരംഗ പട്ടണത്തെ ധർമ്മ (42), ശ്യാംലാൽ (42) എന്നിവരാണ് അറസ്റ്റിലായത്. ശ്യാംലാലിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂക്കച്ചവടക്കാരാണ് മൂന്നുപേരും. ചെറുവത്തൂർ റെയിൽവെ സ്റ്റേഷനു സമീപത്തെ വാടക വീട്ടിലാണ് ഇവർ താമസം. മാലകൾ ഒരു സിനിമാ പ്രവർത്തകനു 15 ലക്ഷം രൂപയ്ക്കു വിൽപ്പന നടത്താൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് സംഭവത്തിന്റെ തുടക്കം. ഈ വിവരം സിനിമാ പ്രവർത്തകൻ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ കീഴിലുള്ള സ്ക്വാഡ് അംഗം പ്രമോദിനെ അറിയിച്ചു. തുടർന്ന് പ്രമോദ് നാലു ദിവസങ്ങളായി രഹസ്യമായി അന്വേഷിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരൻ എന്ന വ്യാജേന അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന നടത്തിയാണ് തട്ടിപ്പുകാരെ കണ്ടെത്തിയത്. തുടർന്ന് ചന്തേര പൊലീസ് ഇൻസ്പെക്ടർ പ്രശാന്ത്, എസ്ഐ കെ. സതീഷ്, സ്ക്വാഡ് അംഗം പ്രമോദ്, പൊലീസുകാരായ ശ്രീജു, ശ്രീജിത്ത് കയ്യൂർ, ശരണ്യ, നരേന്ദ്രൻ, അജേഷ്, സുരേഷ്, ഡ്രൈവർ സുരേശൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടെത്തിയത്. മണ്ണു കുഴിക്കുമ്പോൾ കിട്ടിയ നിധിയാണെന്നാണ് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞത്. ചെമ്പിനു മുകളിൽ അതിവിദഗ്ധമായി സ്വർണ്ണം പൂശിയ ആഭരണങ്ങളാണ് പിടിയിലായത്. സംഘം സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments