Breaking News

മഹാ കുംഭമേളയിൽ കാസർഗോഡിന്റെ സ്വന്തം മംഗലം കളിയും... കലാകാരന്മാർക്ക് മൊടഗ്രാമം ധർമ്മശാസ്ത്ര ക്ഷേത്രം യാത്രയയപ്പ് നൽകി


കാഞ്ഞങ്ങാട് : ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള ഗോത്ര കലാമേളയിൽ കാസർഗോഡ് ജില്ലയുടെ തനത് കലാരൂപമായ മംഗലം കളിയും അരങ്ങേറും. അമ്പലത്തറ മൂന്നാംമൈൽ മുണ്ടോട്ട് ഊരിലെ കലാകാരന്മാരാണ് 6 മുതൽ നടക്കുന്ന ഗോത്ര കലാമേളയിൽ മംഗലംകളി അവതരിപ്പിക്കുന്നത്. ഊരിലെ എം പക്കീരൻ ആണ് മംഗലം പരിശീലിപ്പിക്കുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് കുംഭമേളയിൽ ഗോത്രകലകൾ അവതരിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ പാനൂർ നരിക്കോട്ട് മലയിലെ കുറിച്യ സമുദായത്തിന്റെ കോൽക്കളി, ഇടുക്കി ജില്ലയിലെ മറയൂരിലെ ഹിൽപ്പുലയ (മലപ്പുലയ ) സമുദായത്തിന്റെ മലപ്പുലയാട്ടം എന്നീ ഗോത്രകലാരൂപങ്ങളും മേളയിൽ അവതരിപ്പിക്കും. ഗോത്ര കലകൾ അവതരിപ്പിക്കുന്ന 46 അംഗങ്ങൾ അടക്കം 52 പേരടങ്ങിയ സംഘം 4 ന് വൈകുന്നേരം പാലക്കാടിൽ നിന്നും ഗയ സ്പെഷ്യൽ ഫെയർ കുംഭമേള സ്പെഷ്യൽ ട്രെയിനിൽ പ്രയാഗ് രാജിലേക്ക് യാത്ര തിരിക്കും. കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ട് എം പി ജയദീപ് മാസ്റ്റർ, സംസ്ഥാന ശിക്ഷ പ്രമുഖ് പ്രേം സായ്,ഇടുക്കി ജില്ല സംഘടന സെക്രട്ടറി ഷിബു പാണത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ആണ് ഗോത്രകലകളുടെ അവതരണം നടക്കുന്നത്. 6 മുതൽ 11 വരെ തീയതികളിലാണ് വനവാസി സംഗമം നടക്കുന്നത് 6 ന് യുവ കുംഭമേള,7 ന് സ്നാനം, ശോഭായാത്ര,8, 9 തീയതികളിൽ ഗോത്ര കലകളുടെ അവതരണം, 10 ന് വനവാസികളായ സന്യാസിമാരുടെ സംഗമം എന്നിങ്ങനെയാണ് പരിപാടി നടക്കുന്നത്. 11ന് കലാകാരന്മാർ തിരിച്ച് നാട്ടിലേക്ക് പുറപ്പെടും. ഭാരതത്തിലെ വിവിധ സംസ്ഥാങ്ങളിലെ 756 ഗോത്ര സമുദായങ്ങളിലെ 125 ഓളം ഗോത്രകലകൾ മേളയുടെ ഭാഗമാകും.ഇവരുടെ യാത്ര ചിലവിന്റെ 75 ശതമാനം  സന്യാസിമാരുടെ പതിമൂന്ന് അഖാഡകളും 25 ശതമാനം കേരള വനവാസി വികാസ കേന്ദ്രവും നൽകും. 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയിൽ ഗോത്രകലകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണിവർ. മംഗലംകളി കലാകാരന്മാർക്ക് മൊടഗ്രാമം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം യാത്രയയപ്പ് നൽകി


No comments