പറമ്പയിൽ വൈവിധ്യ പദ്ധതിയുടെ ഭാഗമായി നടന്ന കലാസന്ധ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു
പറമ്പ : ഒരു നാടാകെ ഒഴുകിയെത്തി ആടിയും പാടിയും നാട്ടറിവുകൾ പങ്കുവെച്ചും ഒത്തുകൂടിയപ്പോൾ പറമ്പയിൽ നടന്ന കലാസന്ധ്യ നാടിന്റെ ഉത്സവമായി മാറി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷ കേരളം ചിറ്റാരിക്കാൽ ബിആർസി പറമ്പ കുറ്റിത്താന്നി ഉന്നതിയിൽ നടപ്പിലാക്കിയ വൈവിധ്യ പദ്ധതിയുടെ ഭാഗമായാണ് കലാസന്ധ്യ സംഘടിപ്പിച്ചത്. ഉന്നതിയിലെ കുട്ടികൾ പരിശീലിച്ച മംഗലംകളിയുടെ അരങ്ങേറ്റവും മറ്റു വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. ജില്ലയിലെ ആദിമ ഗോത്ര വിഭാഗങ്ങളായ മാവില, മലവെട്ടുവ സമുദായത്തിന്റെ പാരമ്പര്യ ഗോത്ര കലയായ മംഗലംകളി അന്യംനിന്ന് പോകാതെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വൈവിധ്യ പദ്ധതിയുടെ ഭാഗമായി കുറ്റിത്താന്നിയിൽ മംഗലംകളി പരിശീലിപ്പിച്ചത്. 15 കുട്ടികൾ അവരുടെ പാരമ്പര്യ ഗോത്ര കലയുടെ തനിമ ഒട്ടും ചോർന്നു പോകാതെ അവതരിപ്പിച്ചപ്പോൾ കണ്ടുനിന്നവർക്കും പുതുഅനുഭവം. പ്രദേശത്തെ മുതിർന്ന കലാകാരൻ രാഘവൻ, മംഗലംകളി പരിശീലകൻ കെ സതീശൻ, വൈവിധ്യ കോഡിനേറ്റർ പി പുഷ്പാകരൻ കമ്പല്ലൂർ എന്നിവരെ പരിപാടിയുടെ ഭാഗമായി ആദരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് മുഖ്യാതിഥിയായി. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോർഡിനേറ്റർ വി എസ് ബിജുരാജ് പദ്ധതി വിശദീകരണം നടത്തി.വൈവിധ്യ പദ്ധതിയുടെ ഭാഗമായി പറമ്പയിൽ പുതുതായി രൂപീകരിക്കുന്ന ജനകീയ വായനശാലയിലേക്കുള്ള പുസ്തകങ്ങൾ പഞ്ചായത്ത് അംഗം എം വി പ്രമോദ് ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം ഓമന കുഞ്ഞിക്കണ്ണൻ, ചിറ്റാരിക്കാൽ എഇഒ പി പി രത്നാകരൻ, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ കെ പി രഞ്ജിത്ത്, ഡയറ്റ് ലക്ചറർ വിനോദ് കുമാർ കുട്ടമത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ, ഡോ. കെ വി രാജേഷ്,ഷൈനി മാത്യു, കെ വി വിനീത്, ബാബു എന്നിവർ സംസാരിച്ചു. ചിറ്റാരിക്കൽ ബിപിസി വി വി സുബ്രഹ്മണ്യൻ സ്വാഗതവും പി പുഷ്പാകരൻ കമ്പല്ലൂർ നന്ദിയും പറഞ്ഞു. കുറ്റിത്താന്നി മോഡൽ പ്രീ സ്കൂളിലെയും പറമ്പ ഗവ. എൽപി സ്കൂളിലെയും കുട്ടികളുടെ വിവിധ കലാപരിപാടികൾ ഒപ്പം നാട്ടുകാരുടെ വ്യത്യസ്തങ്ങളായ കലാവിരുന്നും ഒടുവിൽ ബിആർസി കുടുംബാംഗങ്ങൾ അവതരിപ്പിച്ച പാട്ടരങ്ങും കലാസന്ധ്യക്ക് കൊഴുപ്പേകി.
No comments