പാറപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും സുന്നി പ്രസ്ഥാനങ്ങളുടെ നേതൃത്വവുമായ പാറപ്പള്ളി അബ്ദുൽ ഖാദർ ഹാജി അന്തരിച്ചു
അമ്പലത്തറ: പാറപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും , കാഞ്ഞങ്ങാട് പുതിയ സ്റ്റാൻഡ് സുന്നി സെന്റർ ചെയർമാനും, സുന്നി പ്രാസ്ഥാനിക രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച നേതൃപാടവത്തിൻ്റെ ഉടമയുമായിരുന്ന പിഎച്ച് അബ്ദുൽ ഖാദർ ഹാജി ( 82 ) അന്തരിച്ചു. മത സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. അസുഖത്തെ തുടർന്ന് എറണാകുളം ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ടോടെ അദ്ദേഹം മരണപ്പെടുകയുണ്ടായി. കാഞ്ഞങ്ങാട്ടെ സുന്നി സംഘടനാ വളർച്ചക്ക് എന്നും മുന്നിൽ നിന്ന പ്രമുഖ വ്യക്തിത്വമായിരുന്ന അബ്ദുൽ ഖാദിർ ഹാജി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൻ്റേതായ ഭാഗധേയത്വം അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സംഘടനക്ക് താങ്ങും തണലുമായി മുന്നിൽ നിന്ന് നയിച്ച ഉമറാക്കളിൽ പ്രധാനിയായിരുന്നു പി എച്ച് അബ്ദുൽ ഖാദിർ ഹാജി പാറപ്പള്ളി. കോഴിക്കോട് ജാമിഅ മർക്കസിൽ വച്ച് ഇന്ന് രാവിലെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ജനാസ നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് സഅദിയ്യയിൽ ജനാസ സംസ്കരിച്ചതിനു ശേഷം 12 മണിയോടെ പാറപ്പള്ളിയിൽ എത്തും. 2 മണിക്ക് പാറപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറക്കും
ഭാര്യമാർ: ഫാത്തിമ, കുഞ്ഞാസിയ. മക്കൾ : അഷറഫ്, സമീറ, ഫാത്തിമ, സമീർ, മഹ്മൂദ്. മരുമക്കൾ: അബൂബക്കർ, മുസ്തഫ , ശബാന, ജാബിറ ,ജുനൈസ. സഹോദരങ്ങൾ: ദൈനബി, പരേതരായ പി എച്ച് മുഹമ്മദ് കുഞ്ഞിഹാജി , പി എച്ച് മൊയ്തീൻ കുഞ്ഞി, ഐസബി, കുഞ്ഞാമി.
No comments