കമ്മാടം കാവിൻ്റെ വൈവിധ്യങ്ങളെ കാൻവാസിൽ നിറച്ച് ചിത്രകാരന്മാർ
കുന്നുംകൈ : പച്ചപ്പടർപ്പുകൾക്കിടയിലെ പാറകെട്ടുകളിൽ കൂടി ഒഴികിയിറങ്ങി വരുന്ന അരുവികളും നീരുറവകളും, ഇലപൊഴിഞ്ഞു നിൽക്കുന്ന കൂറ്റൻ മരങ്ങൾ, ചതുപ്പിൽ വേരുകൾ വൃത്താകൃതിയിൽ പുറത്തേക്ക് തെറിച്ചു നിൽക്കുന്ന കുറ്റിച്ചെടികൾ, വള്ളിപ്പടർപ്പുകളിൽ കൂടി അരിച്ചിറങ്ങുന്ന സൂര്യപ്രകാശം, കാവറിവിലെ ചിത്രങ്ങളുടെ വൈവിധ്യം ഇങ്ങനെ നീളുന്നു. ചിത്രകാർ കേരള കമ്മാടം കാവിൽ " കാവറിവ് വരയും വർത്തമാനവും" എന്ന പേരിൽ നടത്തിയ ചിത്രകലാ ക്യാമ്പിലെ ചിത്രങ്ങൾ കമ്മാടം കാവിൻ്റെ തനത് ആവസവ്യവസ്ഥയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നവയായി. കേരളത്തിലെ കാവുകളിൽ ജൈവ വൈവിധ്യങ്ങൾ കൊണ്ട് ഏറെ പ്രത്യേകതയുള്ള കാവുകളിലൊന്നാണ് കമ്മാടം കാവ്. വേരുകളിലൂടെ ശ്വസനപ്രക്രിയ നടത്തുന്ന പ്രത്യേക തരം മരങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്. മണൽ കലർന്ന എക്കൽ മണ്ണുള്ള ശുദ്ധജല ആവാസമേഖലയുള്ള ചതുപ്പുനിലങ്ങളുള്ള (മിറിസ്റ്റിക്ക ചതുപ്പ് ) കാവുകൂടിയാണ് കമ്മാടം കാവ്. ഇരുപത്തിയഞ്ചോളം ചിത്രകാരന്മാർ കമ്മാടം കാവിൽ ചിത്രം വരക്കാനെത്തി.
പരിസ്ഥിതി പ്രവർത്തകൻ ഡോ. ഇ ഉണ്ണികൃഷ്ണൻ കാവറിവ് ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷനായി. പരിസ്ഥിതി ഡോക്യുമെൻ്ററി സംവിധായകൻ ജയേഷ് പാടിച്ചാൽ, ചിത്രകാരന്മാരായ രമണൻ വാസുദേവൻ പാലക്കാട്, ദിനേശ് നക്ഷത്രപേരാമ്പ്ര എന്നിവർ സംസാരിച്ചു. സചീന്ദ്രൻ കാറഡുക്ക, ഉണ്ണികൃഷ്ണൻ പേരാമ്പ്ര, ജ്യോതി ചന്ദ്രൻ കാനത്തൂർ, അനീഷ് ബന്തടുക്ക, സനിൽ ബങ്കളം, അനൂപ് മോഹൻ, ഗോപി മുളവന്നൂർ, സുജിത്ത് നടുവിൽ, സതി നീലേശ്വരം, സജിത പെയ്നാച്ചി, രാം ഗോകുൽ പെരിയ, പ്രിയ കരുണൻ, സരിഗ രാജേഷ്, അഞ്ജലി ദർപ്പണം, കൃഷ്ണപ്രസാദ് കൂടാനം, സൂര്യജിത്ത് രാജ്, നന്ദന കരുൺ, രമണൻ വാസുദേവൻ, ദിനേശ് നക്ഷത്ര എന്നിവർ പങ്കെടുത്തു.
No comments