Breaking News

തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ വിവിധ ഫൊറോനകൾ സംഘടിപ്പിച്ച പ്രഥമ പനത്തടി സാൻജോസ് തീർത്ഥാടനം സമാപിച്ചു


പനത്തടി : തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ പനത്തടി, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, മാലോം, കാസർകോട് ഫൊറോനകൾ സംഘടിപ്പിച്ച പ്രഥമ പനത്തടി സാൻജോസ് തീർഥാടനം സമാപിച്ചു. എല്ലാവർഷവും മാർച്ച് 18നും 19നുമാണ് തീർഥാടനം. 14 കിലോമീറ്ററോളം കാൽനടയായാണ് വിശ്വാസികൾ തീർഥാടനത്തിൽ പങ്കുചേർന്നത്. ചൊവ്വാഴ്ച രാത്രി ഏഴുമുതൽ പടിമരുത്, മാലോം, പടുപ്പ്, പാണത്തൂർ പള്ളികളിൽ സാൻ ജോസ് നൈറ്റ് നടത്തി. പനത്തടി ദേവാലയത്തിലെത്തി പ്രത്യേക പ്രാർഥന നടത്തി. തലശേരി അതിരൂപത അധ്യക്ഷൻ ജോസഫ് പാംപ്ലാനി തീർഥാടനത്തിന് തുടക്കം കുറിച്ചു. പടിമരുതിൽ നിന്നുള്ള തീർഥാടക സംഘത്തെ അദ്ദേഹം നയിച്ചു. ബുധൻ പുലർച്ചെ അഞ്ചിന് പനത്തടി സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ നടന്ന ദിവ്യബലിക്കും അദ്ദേഹം മുഖ്യ കാർമികത്വം വഹിച്ചു.
ആന്റണി മുതുകുന്നേൽ, സെബാസ്റ്റ്യൻ പാലാക്കുഴി, മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവർ സഹകാർമികരായി. നൂറിലധികം വൈദികരും സന്യസ്ഥരും വൈദിക വിദ്യാർഥികളും പതിനായിരത്തിലേറെ വിശ്വാസികളും തീർഥാടനത്തിൽ പങ്കുചേർന്നു.

No comments