തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ ലഭിച്ചത് അര ലിറ്ററിന്റെ 26 ബോട്ടിൽ വിദേശമദ്യം.. മൂടിയഴിച്ച് മദ്യം മണ്ണിൽ കളഞ്ഞ് തൊഴിലാളികൾ
തൃക്കരിപ്പൂർ : തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ ലഭിച്ചത് അര ലിറ്ററിന്റെ 26 ബോട്ടിൽ വിദേശമദ്യം. പടന്ന കാന്തിലോട്ട് മൈമ സ്കൂൾ പരിസരത്ത് അനധികൃത മദ്യക്കച്ചവടക്കാർ സൂക്ഷിച്ച മദ്യമാണ് ചേച്ചിമാർക്ക് കിട്ടിയത്. കൈയോടെ മൂടിയഴിച്ച് മദ്യം മണ്ണിൽ കളഞ്ഞ് തൊഴിലാളികൾ മാതൃകയായി.രണ്ട് ബാഗിലായി കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. 15 ഓളം തൊഴിലാളികൾ ഈ ഭാഗത്ത് ബുധൻ രാവിലെ ജോലിക്കിറങ്ങിയപ്പോഴാണ് ബാഗ് കിട്ടിയത്. മദ്യം പരസ്യമായി നശിപ്പിച്ചത് കൂടാതെ, ഈ ഭാഗത്ത് അനധികൃത മദ്യം വിൽക്കുന്നവരുടെ പേരും ഇവർ പൊലീസിന് കൈമാറി. കാന്തിലോട്ട്, തോട്ടുകരപ്പാലം, കാവുന്തല മേഖലയിൽ രാത്രിയിൽ പരസ്യ മദ്യപാനം പതിവാണ്. അതോടൊപ്പം കഞ്ചാവ് അടക്കമുള്ള ലഹരി ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും വ്യാപകമാണന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പുറത്തുനിന്നെത്തി തോട്ടുകര പാലം പരിസരത്ത് രാത്രിയിൽ സംഘടിക്കുന്നവരാണ് ഇതിലെ പ്രധാനികൾ.
No comments