Breaking News

കടൽകൊള്ളക്കാർ റാഞ്ചിയ കപ്പൽ ജീവനക്കാരെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ കുടുംബങ്ങൾ... ജീവനക്കാരിൽ കാസർഗോഡ് സ്വദേശികളും


കാസർകോട്: ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തു നിന്നു കാമറൂണിലേയ്ക്കു പോകുന്നതിനിടയിൽ കടൽകൊള്ളക്കാർ റാഞ്ചിയ കപ്പൽ ജീവനക്കാരെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ കുടുംബങ്ങൾ. കാസർകോട് ജില്ലയിലെ പനയാൽ, കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവൻ (35), കൊച്ചി സ്വദേശിയായ ഒരാൾ ഉൾപ്പെടെ പത്തു പേരെയാണ് കടൽ കൊള്ളക്കാർ റാഞ്ചിക്കൊണ്ടുപോയത്. ഇവരിൽ ഏഴുപേരും ഇന്ത്യക്കാരാണ്. ബേക്കൽ, കോട്ടിക്കുളം, ഗോപാൽപ്പേട്ട സ്വദേശിയായ രജീന്ദ്രൻ ഭാർഗവനും കുടുംബവും നാലുമാസം മുമ്പാണ് കോട്ടപ്പാറയിൽ വീട് വാങ്ങി താമസം മാറിയത്. സെപ്തംബർ 10ന് ആണ് അവധിയിലെത്തി വീണ്ടും കപ്പൽ കയറിയത്. ഭാര്യ ഒൻപതു മാസം ഗർഭിണിയാണ്. പ്രസവസമയത്ത് വീട്ടിലെത്താൻ കാമറൂണിൽ ഇറങ്ങി നാട്ടിലേയ്ക്ക് വിമാനം കയറാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ജോലി ചെയ്യുന്ന ചരക്കു കപ്പലിനെ കൊള്ളക്കാർ ആക്രമിച്ച് രജീന്ദ്രൻ ഉൾപ്പെടെയുള്ള 10 ജീവനക്കാരെ തട്ടികൊണ്ടുപോയത്. പാനമ രജിസ്ട്രേഷനുള്ള 'പീറ്റുറിവർ' എന്ന കമ്പനിയുടേതാണ് കപ്പൽ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മേരിടെക് ടാങ്കർ' മാനേജ് മെന്റാണ് ചരക്ക് കടത്തിനു ഈ കപ്പൽ ഉപയോഗിക്കുന്നത്. മാർച്ച് 17ന് ആണ് രജീന്ദ്രൻ ഏറ്റവും ഒടുവിൽ വീട്ടുകാരെ ബന്ധപ്പെട്ടത്. അതിനു ശേഷം ബന്ധപ്പെട്ടില്ല. മാർച്ച് 18ന് കപ്പൽ കമ്പനി അധികൃതർ രാജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. എന്നാൽ ബന്ദികളാക്കപ്പെട്ട ജീവനക്കാരുമായി കപ്പൽ കമ്പനി അധികൃതർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ജീവനക്കാരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രി, എം പി മാർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. ശുഭവാർത്തയ്ക്കുള്ള കാത്തിരിപ്പിലാണ് രജീന്ദ്രന്റെ കുടുംബവും നാട്ടുകാരും.

No comments