Breaking News

ലോക ക്ഷയരോഗ ദിനാചരണവും, ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാർഡ് വിതരണവും പരപ്പയിൽ നടന്നു


വെള്ളരിക്കുണ്ട് : ദേശീയ   ക്ഷയരോഗ നിവാരണ പരിപാടി " ക്ഷയരോഗ മുക്ത പഞ്ചായത്ത്  അവാർഡ് വിതരണവും ലോക  ക്ഷയരോഗ ദിനാചരണവും സംഘടിപ്പിച്ചു . പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ കോൺഫെറൻസ് ഹാളിൽ  സംഘടിപ്പിച്ച പരിപാടിയുടെ  ജില്ലാതല ഉദ്‌ഘാടനം  പരപ്പ ബ്ലോക്ക്‌ പഞ്ചയാത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി യുടെ അധ്യക്ഷതയിൽ   കാസറഗോഡ്  ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐ എ എസ്  നിർവഹിച്ചു .ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.രാംദാസ് എ വി മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് 2024 ലെ " ടി. ബി മുക്ത് പഞ്ചായത്ത് " അവാർഡ് വിതരണം നടത്തി.2023 ൽ ടി ബി മുക്ത് അവാർഡ് ലഭിക്കുകയും 2024 ൽ അത് നിലനിർത്തുകയും ചെയ്ത ബെള്ളൂർ, ചെറുവത്തൂർ,കയ്യൂർ ചീമേനി, വലിയപറമ്പ പഞ്ചയാത്തുകൾ സിൽവർ അവാർഡും 2024 ടി ബി മുക്ത് പഞ്ചയാത്തായി മാറിയ പനത്തടി, കള്ളാർ, കുറ്റിക്കോൽ, മടിക്കൈ, ബളാൽ,ബേഡഡ്ക പഞ്ചായത്തുകൾ ബ്രോൺസ് അവാർഡും കരസ്ഥമാക്കി.

ബെള്ളൂർ ഗ്രാമ പഞ്ചായത്തിനു വേണ്ടി  ശ്രീധര എം (പ്രസിഡണ്ട് ) & ടീം

ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിനു വേണ്ടി സി. വി പ്രമീള (പ്രസിഡണ്ട് ) & ടീം

കയ്യൂർ -ചീമേനി ഗ്രാമ പഞ്ചായത്തിനു വേണ്ടി എം ശാന്ത (വൈസ് പ്രസിഡന്റ്‌ )  & ടീം

വലിയപറമ്പ് ഗ്രാമ പഞ്ചായത്തിനു വേണ്ടി പി ശ്യാമള (വൈസ് പ്രസിഡണ്ട്) & ടീം 

പനത്തടി ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസന്ന പ്രസാദ് (പ്രസിഡന്റ്‌ )& ടീം 

കള്ളാർ ഗ്രാമ പഞ്ചായാത്തിന് വേണ്ടി ടി കെ നാരായണൻ (പ്രസിഡന്റ്‌ ) & ടീം 

ബളാൽ ഗ്രാമപഞ്ചായത്തിനു വേണ്ടി രാജു കട്ടക്കയം (പ്രസിഡന്റ്‌ ) & ടീം 

കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന് വേണ്ടി മുരളി പയ്യങ്ങാനം (പ്രസിഡന്റ്‌ ) & ടീം 

മടിക്കൈ ഗ്രാമ പഞ്ചായത്തിന് വേണ്ടി വി. പ്രകാശൻ (വൈസ് പ്രസിഡന്റ്‌ )& ടീം 

ബേഡഡ്ക ഗ്രാമ പഞ്ചായത്തിന് വേണ്ടി വാസന്തി ടീച്ചർ (ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ) & ടീം എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി .തുടർന്ന്  ആയുഷ് വകുപ്പ് പ്രതിനിധി ഡോ. ഉഷ,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കപ്പച്ചേരി,  കാസറഗോഡ് ടി.ബി യൂണിറ്റ്  എം ഒ ടി ഇ  ഡോ. നാരായണ പ്രദീപ പി ,പനത്തടി ടി.ബി യൂണിറ്റ്  എം ഒ ടി ഇ,  ഡോ.പ്രവീൺ എസ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

ജില്ലാ ടി  ബി  ഓഫീസർ ഡോ. ആരതി രഞ്ജിത്  സ്വാഗതവും ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ  അബ്ദുൾ   ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു .


 2023 മുതൽ ആരോഗ്യവകുപ്പിനോടൊപ്പം പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട്    തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ   നടത്തിയ ക്ഷയരോഗനിവാരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട   പ്രധാനപ്പെട്ട ആറു സൂചികകൾ പരിഗണിച്ചു  കൊണ്ടാണ്  പഞ്ചായത്തുകൾക്ക് ക്ഷയരോഗമുക്ത പദവി കേന്ദ്ര ടിബി  ഡിവിഷൻ നൽകുന്നത്. ഇത്തരത്തിൽ  തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകൾക്ക്  അവാർഡും സർട്ടിഫിക്കറ്റും കൂടാതെ ഗ്രാമസ്വരാജ്, അന്ത്യോദയ തുടങ്ങിയ മഹത് ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, മഹാത്മജിയുടെ അർദ്ധകായ രൂപത്തിൽ ഉള്ള പ്രതിമ ആയിട്ടാണ് അവാർഡ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യവർഷം വെങ്കലനിറത്തിലും തുടർച്ചയായി പദവി നിലനിർത്തുകയാണെങ്കിൽ യഥാക്രമം സിൽവർ, ഗോൾഡ് നിറങ്ങളിലുമാണ് അവാർഡ് നൽകുക.


നിക്ഷയ്ഷിവിർ -നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ച വെച്ച പനത്തടി ടി ബി യൂണിറ്റിനു മികച്ച ടി ബി യൂണിറ്റിനുള്ള അവാർഡും ക്ഷയ രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ സ്പൂട്ടം റെഫർ ചെയ്യുകയും ക്ഷയ രോഗ ബാധിതരെ കണ്ടെത്തുകയും ചെയ്ത JHI, JPHN, MLSP, ആശ പ്രവർത്തകർക്കുള്ള അവാർഡും ചടങ്ങിൽ നൽകി.


2025 ഓടുകൂടി ക്ഷയരോഗം നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഒരു ദേശീയ പരിപാടിയാണ് നാഷണൽ ടി.ബി എലിമിനേഷൻ പ്രോഗ്രാം അഥവാ NTEP . ക്ഷയ രോഗത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിലും ക്ഷയരോഗനിവാരണം എന്ന ലക്ഷ്യം പൂർണതോതിൽ കൈവരിക്കുവാൻ  സാധിച്ചിട്ടില്ല.  ശ്വാസകോശത്തിനു മാത്രമല്ല. ശരീരത്തിന്റെ ഏതു ഭാഗത്തെയും ബാധിക്കാവുന്ന മൈക്കോബാക്‌ടീരിയം ട്യൂബർകുലോസിസ് രോഗമാണിത്. ക്ഷയരോഗാണുവായ ബാക്ടീരിയ ശരീരത്തിൽ എത്തിപ്പെട്ടാൽ, നമ്മുടെ പ്രതിരോധ ശേഷി കുറയുന്നതുവരെ വർഷങ്ങളോളം തന്നെ അദ്യശ്യമായി കഴിഞ്ഞേക്കാമെന്നതും നമുക്ക് മുന്നിൽ ഉള്ള വെല്ലുവിളി ആണ്. എന്നാൽ, യഥാസമയം കണ്ടുപിടിച്ചാൽ 100% ഭേദമാകുന്നുവെന്നത് നമുക്ക് വലിയ ഒരു അനുഗ്രഹമാണ്. 


എല്ലാ വർഷവും മാർച്ച്‌ 24 ന് ലോക ക്ഷയരോഗ ദിനമായി ആചരിച്ചു വരുന്നു.ക്ഷയ രോഗത്തെകുറിച്ചും പ്രതിരോധ മാർഗ്ഗത്തെക്കുറിച്ചും പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണു ഈ ദിനം ആചരിക്കുന്നത്. " അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം, പ്രതിബദ്ധത-നിക്ഷേപം -വാതിൽപ്പടി സേവനം " എന്നതാണ് ഈ വർഷത്തെ ദിനചരണ സന്ദേശം. ഈ സന്ദേശത്തെ മുൻനിർത്തി ജില്ലയിലെ ടി ബി യൂണിറ്റുകളിലും മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ 

രാംദാസ് എ വി അറിയിച്ചു.

No comments